ഈ വര്‍ഷത്തെ ‘നാമം’ (North American Malayalee and Aossciated Members) എക്സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്‌നാനായ കാത്തലിക് സെന്ററില്‍ വെച്ച് നാമം അവാര്‍ഡ് നൈറ്റ് നടത്തപ്പെടുമെന്ന് നാമം എക്സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍ അറിയിച്ചു. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ നിന്നും സ്വന്തം കര്‍മ്മ പഥങ്ങളില്‍ വെന്നിക്കൊടി നാട്ടി സമൂഹത്തിനു മുതല്‍ക്കൂട്ടായ ശ്രേഷ്ഠരെ ആദരിക്കുന്നതിനായാണ് നാമം എക്സലന്‍സ് അവാര്‍ഡ് സംഘടിപ്പിച്ചിട്ടുള്ളത്. കോവിഡിനു ശേഷം ഇതാദ്യമായാണ് അവാര്‍ഡ് ഫംഗ്ഷന്‍ ഒരുക്കുന്നത്.
അതി വിപുലമായ രീതിയിലാണ് ഇത്തവണത്തെ നാമം നാമം എക്സലന്‍സ് അവാര്‍ഡ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. ആശ മേനോന്‍ അറിയിച്ചു. വളരെ പ്രൊഫഷണലായ, സ്പെഷ്യല്‍ പെര്‍ഫോമന്‍സോടു കൂടിയ അത്യാകര്‍ഷകമായ കലാ സാംസ്‌കാരിക വിരുന്നായിരിക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി നാമം ഒരുക്കുക. വിവിധ കമ്മിറ്റികള്‍ വ്യത്യസ്ഥ തലങ്ങളിലായി ഈ പരിപാടിയുടെ വിജയത്തിനായി പ്രവൃത്തിക്കുന്നുണ്ട് എന്ന് സെക്രട്ടറി സുജ നായര്‍ ശിരോദ്കര്‍ പറഞ്ഞു.
പ്രഗത്ഭര്‍ ഏറെയുള്ള നോര്‍ത്ത് അമേരിക്കന്‍-ഇന്ത്യന്‍ വംശജരില്‍ നിന്നും പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് നാമം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏറ്റെടുക്കുന്നത്. കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് എന്നിങ്ങനെ ജന ജീവിതവുമായി അടുത്ത് നില്‍ക്കുന്ന മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുക.
വര്‍ഷങ്ങളായി നാമം നടത്തുന്ന ഈ പ്രോഗ്രാം ഏറെ ജനപ്രീതി പിടിച്ചു പറ്റിയതും അനുകരണങ്ങള്‍ ഇല്ലാത്തതുമാണ്. ഇവിടെ അര്‍ഹതക്കാണ് അംഗീകാരം. ഇതിലൂടെ പുതു തലമുറയെ സേവന മേഖലകളില്‍ അഗ്രഗണ്യരാക്കുക എന്ന നാമത്തിന്റെ ദീര്‍ഘ വീക്ഷണമാണ് സാര്‍ത്ഥകമാകുകയെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ വ്യക്തമാക്കി. എംബിഎന്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് നൈറ്റിന് എല്ലാ വിധ പിന്തുണയും നല്‍കുന്നത്. ‘പ്രോമോട്ടിങ് സ്‌കില്‍സ്, പ്രിവന്റിങ് കാന്‍സര്‍’ എന്ന ആപ്ത വാക്യമാണ് എംബിഎന്‍ ഫൗണ്ടേഷന്റെ പ്രധാന മിഷന്‍.
ഫൊക്കാന മുന്‍ പ്രസിഡന്റും കേരളാടൈംസ് എംഡിയുമായ പോള്‍ കറുകപ്പിള്ളിലാണ് പ്രോഗ്രാം കോഡിനേറ്റര്‍. പ്രോഗ്രാം ഡയറക്ടര്‍ ശബരീനാഥ് നായര്‍, ഡോ. ആശാ മേനോന്‍, സുജാ ശിരോദ്കര്‍, പ്രദീപ് മേനോന്‍, സിറിയക് ജോസഫ്, ഡോ. ഗീതേഷ് തമ്പി, ശ്രീകല നായര്‍, രേഖാ നായര്‍, വിദ്യാ സുധി, നമിത് മണാട്ട് തുടങ്ങിയവര്‍ മറ്റ് ടീം അംഗങ്ങള്‍. അതുല്യമായ ദൃശ്യ-ശ്രവ്യ മിഴിവോടെ അവതരിപ്പിക്കപ്പെടുന്ന നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റിന് മലയാള സിനിമ രംഗത്ത് നിന്നുള്ള കലാകാരന്മാര്‍ ചുക്കാന്‍ പിടിക്കും. ഹൈ വോള്‍ട്ടജ് നൃത്തങ്ങള്‍, സംഗീതം, ഇതര എത്‌നിക് സൊസൈറ്റികളില്‍ നിന്നുള്ള പ്രോഗ്രാമുകള്‍, ഡിജെ ഡാന്‍സ്, പാര്‍ട്ടി എന്നിവ ചടങ്ങിനെ അത്യാകര്‍ഷമാക്കും. contact through: www.namam.org, www.mbnfoundation.org.