ഇന്ത്യൻ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നത് ‘ഹിന്ദി’യാണെന്ന് അമിത് ഷാ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നത് ‘ഹിന്ദി’ ഭാഷയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ഒരു ജനകീയ ഭാഷയാണെന്നും പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയമായ എല്ലാ ഭാഷകളും ഉപഭാഷകളും നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹിന്ദി ദിവസ്’ ആശംസകൾ നേരുമ്പോഴായാണ് ഭാഷകളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യൻ ഭാഷകളെ ശക്തിപെടുത്താനായി, ഔദ്യോഗിക ഭാഷകൾക്ക് വേണ്ടി പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭാഷകളെ പരിപോഷിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഭാഷാ വകുപ്പ് നിരന്തരമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പല ഭാഷകളായി വിഭജിച്ചിരുന്ന രാജ്യത്ത് ഐക്യബോധം സ്ഥാപിക്കാനും രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനും ഹിന്ദി പ്രധാന പങ്കുവഹിച്ചു. ഹിന്ദിയുടെ പ്രാധാന്യം കണക്കിലെടുത്താണ് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു 1949 സെപ്തംബർ 14 ന് ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.