ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ ലഹരിവില്‍പ്പന നടത്തി വരികയായിരുന്ന കുമാരനല്ലൂര്‍ സ്വദേശി റോബിന് നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്കിയിരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാക്കി പാന്റ് കാണിച്ച് റോബിന് നായ്ക്കളെ പരിശീലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പൊലീസെത്തിയാല്‍ ആക്രമിക്കുന്നതിനായി പ്രത്യേക ഉദ്ദേശത്തോടെ നായകളെ ട്രെയിന്‍ ടെയ്യുകയായിരുന്നു. പൊലീസിനെ ആക്രമിക്കാന്‍ ഇയാള്‍ നായകള്‍ക്ക് പ്രത്യേക പരിശീലനമാണ് നല്‍കിയിരുന്നതെന്ന് പുറത്തു വരുന്ന വീഡിയോ തെളിയിക്കുന്നു.
കാക്കി ഷര്‍ട്ട് കണ്ട് പ്രകോപിതനായി ആക്രമിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെ അല്പം മുന്‍പാണ് പൊലീസ് റോബിന്റെ ലഹരിമരുന്ന് വില്‍പ്പന പിടികൂടിയത്. 18 കിലോ കഞ്ചാവ് കണ്ടെടുത്തു. എന്നാല്‍ റോബിനെ പിടികൂടാനായില്ല. പുലര്‍ച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാന്‍ എന്ന വ്യാജേന രണ്ടുപേരെ പോലീസ് റോബിനടുത്തേക്ക് വിട്ടു. എന്നാല്‍ പൊലീസ് സാന്നിധ്യം സംശയിച്ച റോബിന് മുന്തിയ ഇനം നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രദേശത്ത് സ്ഥിരം ശല്യക്കാരന് ആയിരുന്നു റോബിന് എന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ആക്രമിക്കാന്‍ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തില്‍ റോബിനെതിരെ വേറെയും കേസുകള്‍ ഉണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ ലഹരി കച്ചവടം നടത്തി വരികയായിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന് കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നലെ രാത്രി 10.30 ഓടെ റോബിന്റെ കേന്ദ്രം പൊലീസ് വളഞ്ഞിരുന്നു. എന്നാല്‍ പ്രത്യേകം പരിശീലനം നല്കിയ നായകളെ ഉപയോഗിച്ച് ഇയാള്‍ രക്ഷപ്പെട്ടു.