സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ നടന് അലന്‍സിയര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടനെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. താനവിടെ ഉണ്ടായിരുന്നുവെങ്കില്‍ വേദിയില്‍ കയറി അലന്‍സിയറിന്റെ തരണത്തടിക്കുമായിരുന്നു എന്ന് തിരക്കഥാകൃത്ത് മനോജ് രാംസിംഗ് പ്രതികരിച്ചു.
‘മിസ്റ്റര്‍ അലന്‍സിയര്‍, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതില്‍ ഖേദിക്കുന്നു… ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ വേദിയില്‍ കേറി വന്ന് ഒരു അവാര്‍ഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തില്‍ ഞാനിപ്പോള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ… ഷെയിം ഓണ്‍യു അലന്‍സിയര്‍… ആ ചാക്കോച്ചനെയൊക്കെ കണ്ടു് പഠിക്കെടോ, പറ്റില്ലേല്‍ പോയി വല്ല മനശാത്ര കൗണ്‍സിലിംഗിന് ചേരൂ’ മനോജ് രാംസിംഗ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
അപ്പന് എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പുരസ്കാരം സ്വീകരിക്കവെ ചലച്ചിത്ര പുരസ്കാരമായി പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണമെന്ന് അലന്‍സിയര്‍ പറഞ്ഞു. ആണ്‍കരുത്തുള്ള പ്രതിമ നല്കുന്ന അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു. ചലച്ചിത്ര പുരസ്കാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അലന്‍സിയര്‍ വേദിയില്‍ അവതരിപ്പിച്ചിരുന്നു. അവാര്‍ഡ് നല്‍കുന്നത് ലെസ്ബിയന്‍ പ്രതിമകളാണെന്നും അലന്‍സിയര്‍ പിന്നീട് പറഞ്ഞിരുന്നു.
പരാമര്‍ശം വിവാദമായതോടെ തന്റെ നിലപാടില്‍ ഉറച്ചു നില്ക്കുന്നു എന്നാണ് അലന്‍സിയര്‍ വ്യക്തമാക്കിയത്. തെറ്റുചെയ്യാത്ത കാര്യത്തിന് മാപ്പ് പറയേണ്ട കാര്യമില്ല. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അലന്‍സിയര്‍ പറഞ്ഞു.