ട്വിറ്റര്‍ ഉപയോഗിക്കാന്‍ ഇനിമുതല്‍ പണം നല്‍കേണ്ടി വരും; സൂചന നല്‍കി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ ഉപയോഗിക്കാന്‍ ഇനിമുതല്‍ പണം നല്‍കേണ്ടി വരും എന്ന സൂചന നല്‍കി ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യയായി സ്വീകരിക്കുന്നതെന്നാണ് വിവരം. അടുത്തിടെയാണ് മസ്‌ക് മുന്‍നിര സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേര് എക്സ്.കോം എന്നാക്കി മാറ്റിയത്. പേരു മാറ്റിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോള്‍ എക്സ്.കോം അധികം വൈകാതെ ഒരു പെയ്ഡ് സേവനം ആയി മാറിയേക്കും എന്ന സൂചന നല്‍കുന്നത്. ട്വിറ്ററിന്റ പേര് എക്സ് ആക്കിയതിന് പിന്നാലെ ട്വിറ്ററിന്റെ പക്ഷിയുടെ ചിഹ്നവും മാറ്റി പുതിയ ലോഗോയും സ്ഥാപിച്ചിരുന്നു.

ട്വിറ്ററിനെ അടിമുടി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മസ്‌കും സംഘവും ആദ്യഘട്ടമെന്നോണം പേരു മാറ്റിയത്. നിലവില്‍ എക്‌സ്.കോം സൗജന്യമായി ഉപയോഗിക്കാം. എന്നാല്‍ അടുത്ത് തന്നെ ഇതൊരു പെയ്ഡ് സേവനം ആയി മാറിയേക്കും. അതേസമയം പ്രതിമാസം തുക എത്രയായിരിക്കും ഉപഭോക്താക്കളില്‍ നിന്ന ഈടാക്കുക എന്ന് മസ്‌ക് വ്യക്തമാക്കിയില്ലെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്സിന് ഇപ്പോള്‍ 55 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്. ദിവസേന 10 കോടി മുതല്‍ 20 കോടി പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നു. ഇസ്രായേലല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെയാണ് എക്സുമായി ബന്ധപ്പെട്ട കണക്കുകള്‍ മസ്‌ക് വെളിപ്പെടുത്തിയത്. എന്നാല്‍ സജീവ ഉപഭോക്താക്കളില്‍ എത്രപേര്‍ യഥാര്‍ത്ഥ ഉപഭോക്താക്കളാണെന്നും എത്രയെണ്ണം ബോട്ടുകളാണെന്നും മസ്‌ക് വ്യക്തമാക്കിയില്ല. എഐയുടെ ഭീഷണികളെ കുറിച്ചും അതെങ്ങിനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചുമാണ് നെതന്യാഹുവും മസ്‌കും പ്രധാനമായും ചര്‍ച്ച ചെയ്തത്. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത്.

More Stories from this section

family-dental
witywide