ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 136 ശതമാനം വര്‍ധനവ്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന ക്യാബിന്‍ ക്രൂവിന്റെ എണ്ണത്തില്‍ 79 ശതമാനം വര്‍ധനവുണ്ടെന്നും ഡിജിസിഎയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്യലഹരി അപകടമുണ്ടാക്കുമെന്നും അവശ്യ ജോലികള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മാനസിക ശേഷി കുറയ്ക്കുമെന്നും ഡിജിസിഎ പറയുന്നു. ഡിജിസിഎ നിയമപ്രകാരം വിമാനത്തില്‍ കയറുന്നതിന് മുന്‍പും ശേഷവും, പൈലറ്റുമാരും ക്യാബിന്‍ ക്രൂവും മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എയര്‍ലൈന്‍ ഡോക്ടര്‍മാര്‍ പരിശോധന നടത്തണം. ശ്വാസ പരിശോധനയില്‍ മദ്യപിച്ചതായി ബോധ്യപ്പെട്ടാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കം കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
രണ്ടാമത് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കല്‍ മൂന്നുവര്‍ഷത്തേക്കും തുടര്‍ന്നാല്‍ സ്ഥിരമായും റദ്ദ് ചെയ്യും. കഴിഞ്ഞ ആറുമാസത്തിനിടെ, 33 പൈലറ്റുമാരേയും 97 ക്യാബിന്‍ ക്രൂ ജീവനക്കാരേയുമാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് പിടിച്ചത്. കഴിഞ്ഞവര്‍ഷം ആകെ 14 പൈലറ്റുമാരും 54 ക്യാബിന്‍ ക്രൂ ജീവനക്കാരുമാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് പിടിയിലായത്.