വലതുപക്ഷ സമ്മര്‍ദ്ദം; ബൈഡനെ കുറ്റവിചാരണ നടത്താനുള്ള അന്വേഷണത്തിന് ഒടുവില്‍ മക്കാര്‍ത്തി ഉത്തരവിട്ടു

യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കുറ്റവിചാരണ നടത്താനുള്ള അന്വേഷണം ആരംഭിക്കാന്‍ ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി ഉത്തരവിട്ടു. പുത്രന്‍ ഹണ്ടര്‍ ബൈഡന്റെ ഇടപാടുകളെ കുറിച്ചു പ്രസിഡന്റ് ജോ ബൈഡന്‍ നുണ പറഞ്ഞുവെന്നു മക്കാര്‍ത്തി ആരോപിച്ചു. ക്രിമിനല്‍ നികുതി അന്വേഷണത്തില്‍ അയാള്‍ക്കു സംരക്ഷണം നല്‍കിയെന്നും ആരോപണമുണ്ട്.

‘ഹൗസ് കമ്മിറ്റികളോട് പ്രസിഡന്റ് ജോ ബൈഡനെ കുറിച്ച് ഔപചാരികമായി അന്വേഷണം ആരംഭിക്കാന്‍ ഞാന്‍ ഇന്ന് ആവശ്യപ്പെടുകയാണ്. ഓവര്‍സൈറ്റ്, ജസ്റ്റിസ്, വേ ആന്‍ഡ് മീന്‍സ് കമ്മിറ്റികള്‍ അന്വേഷണം നടത്തും. അത് കുറ്റവിചാരണയിലേക്കുള്ള ആദ്യ പടി ആയിരിക്കും.’ മക്കാര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. ബൈഡനെതിരെ അന്വേഷണം നടത്താന്‍ ആദ്യം മടിച്ച മക്കാര്‍ത്തി, 2024ല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ബൈഡനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ വലതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദം ഉണ്ടായതിനെത്തുടര്‍ന്ന് ഒടുവില്‍ വഴങ്ങുകയായിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ റിപ്പബ്ലിക്കന്‍ റെപ്. മാറ്റ് ഗെയ്‌റ്‌സ് ചൊവാഴ്ച്ച മക്കാര്‍ത്തിയെ നീക്കം ചെയ്യണമെന്നു സഭയില്‍ ആവശ്യപ്പെടാന്‍ നീക്കം നടത്തുമ്പോഴാണ് പുതിയ പ്രഖ്യാപനം വരുന്നത്. സ്പീക്കറാവാനുള്ള മത്സരത്തില്‍ തന്നെ നിരവധി റൗണ്ടുകള്‍ കഴിഞ്ഞ് കഷ്ടിച്ചു ജയിച്ച മക്കാര്‍ത്തിക്ക് അതിനു വേണ്ടി വലതു പക്ഷത്തിന്റെ പല ആവശ്യങ്ങളും അംഗീകരിക്കേണ്ടി വന്നിരുന്നു.

അതേസമയം കുറ്റവിചാരണ നീക്കം വെറും രാഷ്ട്രീയ അഭ്യാസമാണെന്നു വൈറ്റ് ഹൗസ് വക്താവ് ഇയാന്‍ സാംസ് ചൂണ്ടിക്കാട്ടി. വലതു തീവ്രാവാദികള്‍ക്കു മക്കാര്‍ത്തി വഴങ്ങുമ്പോള്‍ ഉണ്ടാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് അമേരിക്കന്‍ ജനത ആയിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.