തിരുവനന്തപുരം: സംസ്ഥാനത്ത് 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്ബോര്‍ ഒന്ന് മുതല്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് തീരുമാനമെടുത്തിരിക്കുകയാണ്. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതില് 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്.
ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെയുള്ള പണമാണ് ആശുപത്രികള്‍ക്ക് കിട്ടാനുള്ളത്. കിട്ടാനുള്ള തുക മുഴുവന്‍ തന്നുതീര്‍ക്കാതെ ഇനിമുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്നാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തതിനാല്‍ ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചുകഴിഞ്ഞു.
പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന തീരുമാനത്തില്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് ഉറച്ചുനിന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത്. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് ആരോപിക്കുന്നത്.
അതേസമയം കേന്ദ്രവിഹിതം കൃത്യമായി കിട്ടാത്തതും സഹായം കിട്ടുന്നവരുടെ എണ്ണം കൂടിയതുമൊക്കെയാണ് കുടിശ്ശിക വരാന്‍ കാരണമായതെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്നാണ് കെപിഎച്ച്എ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 200 കോടി രൂപ കുടിശ്ശികയുണ്ട്.