അനുവാദമില്ലാതെ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു; ഗൂഗിളിന് 7000 കോടി രൂപ പിഴ

അനുവാദമില്ലാതെ ലൊക്കേഷന്‍ ട്രാക്ക് ചെയ്തതിന് ഗൂഗിളിന് 7000 കോടി രൂപ പിഴ വിധിച്ച് കോടതി. ഉപഭോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ വിവരങ്ങളില്‍ വലിയ നിയന്ത്രണം ഉണ്ടെന്ന തെറ്റായ വിവരം നല്‍കി ഗൂഗിള്‍ അവരെ കബളിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ റോബ് ബോന്റ നല്‍കിയ പരാതിയിലാണ് വിധി.

ഫോണില്‍ മാപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ക്ക് ലോക്കേഷന്‍ ആക്സസ് നല്‍കുന്നതിലൂടെയാണ് ഗൂഗിള്‍ ഉപഭോക്താക്കളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത്. കേസില്‍ ഏറെ നാളെത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പിഴ ശിക്ഷ ലഭിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ അംഗീകരിക്കാന്‍ ഗൂഗിള്‍ തയ്യാറായില്ലെങ്കിലും ചില വ്യവസ്ഥകള്‍ പാലിച്ച് പിഴയൊടുക്കി കേസ് അവസാനിപ്പിക്കാന്‍ കമ്പനി സമ്മതിക്കുകയായിരുന്നു.

ലൊക്കേഷന്‍ പിന്തുടരുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത പാലിക്കണം, ലൊക്കേഷന്‍ ഡാറ്റ പരസ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളെ അറിയിക്കുക, സ്വകാര്യതയുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഗൂഗിളിന്റെ ഇന്റേണല്‍ പ്രൈവസി വര്‍ക്കിങ് ഗ്രൂപ്പിന്റെ അംഗീകാരം തേടുക ഉള്‍പ്പടെയുള്ള വ്യവസ്ഥകളാണ് ഗൂഗിള്‍ അംഗീകരിച്ചത്.