കുണ്ടംകുഴി: കാസര്‍കോട് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിച്ചു തീരുന്നതിനു മുന്‍പ് അടുത്ത പരിപാടിക്കുള്ള അനൗണ്‍സ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മെമന്റോ കൈമാറാനുള്ള അനൗണ്‍സ്‌മെന്റ് തുടങ്ങിയപ്പോള്‍ താന്‍ സംസാരിച്ചു തീര്‍ന്നില്ല എന്നു പറഞ്ഞ് മുഖ്യമന്ത്രി പിന്നിലേക്ക് നോക്കിയെങ്കിലും അനൗണ്‍സ്‌മെന്റ് തുടരുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി ‘അയാള്‍ക്ക് ചെവിടും കേള്‍ക്കില്ലെന്ന് തോന്നുന്നു, ഇതൊന്നും ശരിയായ ഏര്‍പ്പാടല്ല’ എന്നു പറഞ്ഞ് വേദി വിട്ടിറങ്ങുകയായിരുന്നു.
ബേഡഡുക്ക ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രസംഗത്തിനു പിന്നാലെ ഉപഹാരസമര്‍പ്പണവും മുഖ്യമന്ത്രിയായിരുന്നു നടത്തേണ്ടിയിരുന്നത്. ‘ഔപചാരികമായി ഉദ്ഘാടനം ചെയ്‌തെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു’ എന്ന് മുഖ്യമന്ത്രി പറഞ്ഞു തീരുന്നതിനു മുന്‍പ് അനൗണ്‍സ്‌മെന്റ് ആരംഭിച്ചതോടെ മുഖ്യമന്ത്രി ഉപഹാരസമര്‍പ്പണത്തിനു നില്‍ക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു.
അതേസമയം സംഭവം വാര്‍ത്തയായതോടെ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. താന്‍ ക്ഷുഭിതനാകുകയോ വേദിയില്‍നിന്ന് പിണങ്ങിപ്പോവുകയോ ചെയ്തിട്ടില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി കാസര്‍കോട് തന്നെ മറ്റൊരു വേദിയില്‍ പ്രതികരിച്ചു. ഞാന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിനു മുന്‍പ് നിങ്ങളെങ്ങനെ അനൗണ്‍സ്‌മെന്റ് നടത്തുമെന്ന് ചോദിച്ചു. അപ്പോള്‍ അയാളത് കേള്‍ക്കുന്നില്ല. ‘നിങ്ങള്‍ക്ക് ചെവിട് കേള്‍ക്കില്ലേ, ഇത് ചെയ്യാന്‍ പാടുണ്ടോ? ഞാന്‍ സംസാരിച്ച് അവസാനിപ്പിച്ചിട്ടല്ലേ നിങ്ങള്‍ അനൗണ്‍സ് ചെയ്യാന്‍ പാടുള്ളൂ’ എന്ന് ഞാന്‍ വീണ്ടും ചോദിച്ചു’ മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ താന്‍ പിണങ്ങിപ്പോയി എന്നാണ് വാര്‍ത്തവന്നതെന്നും ആരു പിണങ്ങിയെന്നാണ്? എന്തു പിണക്കം? നിങ്ങള്‍ അങ്ങനെ പറഞ്ഞാന്‍ നാളെ താന്‍ ഇതൊക്കെ പറയാതിരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരാള്‍ ശരിയല്ലാതെ ഒരു കാര്യം ചെയ്താല്‍ അത് പറയേണ്ടത് തന്റെ ബാധ്യതയാണെന്നും അതു താന്‍ ഇനിയും പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പനയാല്‍ സിപിഎം ലോക്കല്‍ കമ്മറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലാണ് പിണറായി വിജയന്‍ വിവാദത്തെക്കുറിച്ചു വിശദീകരിച്ചത്.