ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടിയുടെ നഷ്ടം; മരിച്ച 4039 പേർക്ക് ക്ഷേമ പെൻഷൻ: രൂക്ഷ വിമർശനവുമായി സിഎജി റിപ്പോർട്ട്

അനർഹർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയതിനെ സംബന്ധിച്ചും നികുതി ചുമത്തിയതിലെ പിഴവുകൾ സംബന്ധിച്ചും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിഎജി റിപ്പോർട്ട്. സാമൂഹിക സുരക്ഷാ പെൻഷൻ അനർഹർക്കും നൽകിയെന്നും അപേക്ഷ സമർപ്പിക്കാത്തവർക്ക് പോലും പെൻഷൻ ലഭിച്ചെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിധവ പെൻഷൻ അർഹതയില്ലാത്ത പലർക്കും കിട്ടിയെന്നും. മരിച്ച 4039 പേർക്ക് ക്ഷേമ പെൻഷൻ ലഭിച്ചെന്നും പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ ഡോ ബിജു ജേക്കബ് വ്യക്തമാക്കി. റവന്യു വിഭാഗം സംബന്ധിച്ച സിഎജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു.
താഴെത്തട്ടിലെ അലംഭാവ൦ മൂലം സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 38,270 ട്രാൻസ്‌പോർട്ട് വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബഡ്ജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കാനായില്ലെന്നും ഡോ ബിജു ജേക്കബ് പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി പിരിച്ചെടുക്കാൻ ഉള്ളത് ജിഎസ്ടി വകുപ്പിൽ നിന്നാണ്, ജിഎസ്ടി വകുപ്പിൽ ആഭ്യന്തര ഓഡിറ്റ് സംവിധാനമില്ല. പരിശോധന സംവിധാനത്തിലും പിഴവുണ്ടായി. മദ്യ ലൈസൻസുകൾ അനധികൃത കൈമാറ്റം നടത്തിയത് മൂലം 2.17 കോടി രൂപ നഷ്ടം വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മപുരം മാലിന്യ സംസ്‌കാരണ പ്ലാന്റിനെതിരെയും സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. മലിന ജലം പുറത്തേക്ക് പോകുന്ന സംവിധാനം പ്രവർത്തിച്ചില്ലെന്നും മാലിന്യം ശരിയായ രീതിയിൽ തരം തിരിക്കുന്നില്ലെന്നുമാണ് വിമര്‍ശനം.

More Stories from this section

family-dental
witywide