തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ സൂക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ.ബി.അശോക് നല്‍കിയ കത്ത് ബി.അശോക് നല്‍കിയ കത്ത് പൊതുഭരണ വകുപ്പ് പരിശോധിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച ഡോ.ബി.അശോകിന്റെ സെക്രട്ടേറിയറ്റിലെ ഓഫിസിലേക്ക് ആര്‍ഷോയും സുഹൃത്തും അതിക്രമിച്ചു കയറിയ സംഭവം ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്.
പ്രത്യേക സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റില്‍ പ്രവേശിച്ച വ്യക്തി ഒച്ചയും ബഹളവും ഉണ്ടാക്കിയെന്നും, ഈ വ്യക്തി ഇനി മുതല്‍ സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുമ്പോള്‍ നിരീക്ഷിക്കണം എന്നും കത്തില്‍ ഡോ.ബി.അശോക് പറയുന്നു. കേന്ദ്ര കാര്‍ഷിക സെക്രട്ടറിമാരുമായുള്ള ഓണ്‍ലൈന്‍ യോഗം നടക്കുന്നതിനിടെയാണ് ആര്‍ഷോ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത് എന്നും പറയുന്നു. എന്നാല്‍ ആര്‍ഷോയ്ക്കും സുഹൃത്തിനും എതിരെ നടപടി എടുക്കണം എന്ന് കത്തില്‍ പരാമര്‍ശിക്കുന്നില്ല.
യോഗം നടക്കുന്ന സ്ഥലത്തേക്ക് ആര്‍ഷോയും സുഹൃത്തും അതിക്രമിച്ചു കയറിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിലെ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തണം എന്ന നിര്‍ദേശവും പൊതുഭരണ വകുപ്പ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അശോകിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നല്‍കിയ പരാതി ചീഫ് സെക്യൂരിറ്റി ഓഫിസര്‍ കൈമാറാത്ത സാഹചര്യത്തില്‍ വിഷയം ഒതുക്കി തീര്‍ക്കാനാണ് ഉന്നത നിര്‍ദേശം.