ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്ന് പണം സ്വീകരിച്ചതിനെത്തുടര്‍ന്ന് ഭീഷണിക്കിരയായ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലോണ്‍ ആപ്പുകളിലൂടെ വായ്പാ തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്സ്ആപ്പ് നമ്പര്‍ നിലവില്‍ വന്നു. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് 94979 80900 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ പരാതി നല്‍കാം. ഈ നമ്പറില്‍ 24 മണിക്കൂറും പോലീസിന്റെ സേവനം ലഭ്യമാകും.
നമ്പറില്‍ നേരിട്ട് വിളിച്ച് പരാതി പറയാനാവില്ല. പകരം ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമേ പരാതി നല്‍കാന്‍ സാധിക്കൂ. പരാതി അറിയിക്കുന്നവരെ ആവശ്യമെങ്കില്‍ പൊലീസ് തിരികെ വിളിച്ച് വിവരശേഖരണം നടത്തും. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിലാണ് വായ്പാ തട്ടിപ്പുകളെ പ്രതിരോധിക്കുന്ന സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിമാരും പ്രചാരണം നടത്തും.
ഓണ്‍ലൈന്‍ ലോണെടുത്ത് തട്ടിപ്പിനിരയായതിനെത്തുടര്‍ന്ന് കടമക്കുടിയില്‍ മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരിമുളയില്‍ അജയ് രാജും വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. അജയുടെ മരണത്തിന് ഏതാനും മിനുട്ടുകള്‍ക്ക് മുന്‍പും ലോണ്‍ ആപ്പുകാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയിരുന്നു.