കേരളത്തില്‍ അതിഥി തൊഴിലാളിയായി ജോലി ചെയ്യുന്ന ബര്‍ദ്വാന്‍ സ്വദേശിയെ നിപ ലക്ഷണങ്ങളോടെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുപതുകാരനായ അടുത്തിടെയാണ് കേരളത്തില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയത്. പോകുന്നതിനു മുന്‍പ് കടുത്ത പനി ബാധിച്ചിരുന്ന യുവാവ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
പനി കുറഞ്ഞതിനെത്തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് ഇയാള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയത്. എന്നാല്‍ പിന്നീട് വീണ്ടും കടുത്ത പനിയും ഛര്‍ദ്ദിയും തൊണ്ടയില്‍ അണുബാധയുമുണ്ടായത് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിനെ ആദ്യം നാഷണല്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീട് ബെലിയാഘട്ട ഐഡി ആശുപത്രിയിലേക്കും മാറ്റി. ഇയാള്‍ നിരീക്ഷണത്തിലാണെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.