തിരുവന്തപുരം: ജര്‍മനിയിലെ നഴ്‌സിങ് ഉപരിപഠനത്തക്കുറിച്ചും തൊഴില്‍ സാധ്യതയെക്കുറിച്ചും അവബോധം നല്‍കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് നോര്‍ക്ക് റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം മസ്‌ക്കത്ത് ഹോട്ടലില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ശില്പശാല.
ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്ക എന്‍ഐഎഫ്എല്‍ വെബ്‌സൈറ്റ് (www.nifi.norkaroots.org) സന്ദര്‍ശിച്ച് അപേക്ഷ നല്‍കാമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് പേര്‍ക്ക് മാത്രമാണ് പ്രവേശനം. ജര്‍മനിയിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ കുടിയേറ്റ സാധ്യതകള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല.
നിലവില്‍ ജര്‍മന്‍ ഭാഷാ പഠിക്കുന്ന (എ1,എ2, ബി1, ബി2) ഹയര്‍സെക്കന്ററി സയന്‍സ് സ്ട്രീം പാസ്സായതോ, പഠനം തുടരുന്നതോ ആയ വിദ്യാര്‍ഥികള്‍ക്ക് ശില്‍പശാലയില്‍ പങ്കെടുക്കാം. മൈഗ്രേഷന്‍ സബന്ധിച്ച സംശയങ്ങള്‍ക്കും ശില്പശാലയില്‍ മറുപടി നല്‍കും. സെപ്റ്റംബര്‍ 26 ആണ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷയോടൊപ്പം യോഗ്യത, ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവയും അപ്ലോഡ് ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.