
ജയിലിലെ തടവുകാര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കച്ചവടം ചെയ്ത ജയില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ മുന്‍ പ്രിസണ്‍ ഓഫീസര്‍ അജുമോനാണ് അറസ്റ്റിലായത്. അച്ചടക്ക നടപടികളുടെ ഭാഗമായി നേരത്തേതന്നെ സസ്‌പെന്‍ഷനിലായിരുന്നു ഇയാള്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് പലതവണ പുകയില ഉല്‍പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ളവയും പിടികൂടിയിരുന്നു. ഇത് പതിവായപ്പോള്‍ പ്രതികളെ പിടികൂടി ചോദ്യം ചെയയ്ുകയായിരുന്നു.
സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നിര്‍ദ്ദേശപ്രകാരമാണ് വിയ്യൂര്‍ പൊലീസ് മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ ഉള്‍പ്പെട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തത്. ഇവരില്‍ നിന്നാണ് മുന്‍ പ്രിസണ്‍ ഓഫീസറുടെ പങ്ക് വ്യക്തമായത്. നൂറു രൂപ മാത്രം വില വരുന്ന ബീഡി ഉയര്‍ന്ന വിലയ്ക്കാണ് അജുമോന്‍ തടവുകാര്‍ക്ക് വില്‍പ്പന നടത്തിയിരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ അനധികൃതമായ പണമിടപാടുകള്‍ നടന്നിട്ടുള്ളതായി വെളിവായിട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും തടവുകാര്‍ വാങ്ങുന്നതിന് മുമ്പ് തടവുകാരുടെ വീട്ടുകാര്‍ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന ഗൂഗിള്‍ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചാല്‍ മാത്രമാണ് തടവുകാര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കൈമാറിയിരുന്നത്.