പക, അത് വീട്ടാനുള്ളതാണ്: ബംഗളൂരു എഫ്സിയുടെ ചിറകരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്‍ പത്താം സീസണിലെ ആദ്യ മത്സരത്തില്‍ ബദ്ധവൈരികളായ ബംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചു കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികാരം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട ബംഗ്ലുരുവിനെ മലര്‍ത്തിയടിച്ചത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഇതില്‍ കൂടുതലൊന്നും ഞങ്ങള്‍ക്ക് വേണ്ട എന്ന രീതിയിലായിരുന്നു കൊച്ചിയിലെ കാണികളുടെ ആവേശം.

കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 52-ാം മിനിറ്റില്‍ ബംഗളുരു താരം കെസിയ വീന്‍ഡോര്‍പ്പിന്റെ ഓണ്‍ ഗോളിലൂടെയായിരുന്നു മഞ്ഞപ്പടയുടെ ഗോള്‍ വേട്ടയുടെ ആരംഭം. വെറും ഏഴ് മിനിറ്റുകള്‍ക്കപ്പുറം 59 മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ കിടിലന്‍ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി. മഞ്ഞപ്പട വിജയം ഉറപ്പിച്ച സമയത്താണ് ബംഗളൂരുവിനു വേണ്ടി കുര്‍ട്ടിസ് മെയിന്‍ ആദ്യ ഗോള്‍ കണ്ടെത്തിയത്.

കളിയിലുടനീളം ബോള്‍ പൊസിഷനിലും പാസുകളുടെ എണ്ണത്തിലും ബംഗളൂരു എഫ്‌സി മുന്നില്‍ നിന്നെങ്കിലും മികച്ച ഗോള്‍ശ്രമങ്ങള്‍ നടത്തിയ കൊച്ചിയിലെ മഞ്ഞപ്പട്ടാളത്തിന്റെ മുന്‍പില്‍ പിടിച്ചു നില്ക്കാന്‍ അവര്‍ക്കായില്ല. 4-4-2 ശൈലിയില്‍ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഘാന സ്ട്രൈക്കര്‍ ക്വാമേ പെപ്രയെയും ജപ്പാനീസ് താരം ഡയസൂക് സക്കായിയെയും മുന്നേറ്റ നിരയില്‍ അവതരിപ്പിച്ചു.

മധ്യനിരയില്‍ കളി മെനയാന്‍ ക്യാപ്റ്റന്‍ ലൂണയും മലയാളിതാരം മുഹമ്മദ് എയമെനും ജീക്സണ്‍ സിങ്ങും അണിനിരന്നു. ഗോള്‍ വല കാത്തത് മലയാളി താരം സച്ചിന്‍ സുരേഷായിരുന്നു. പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ലെസ്‌കോവിച്ചും പരിക്ക് മൂലം വിട്ടുനിന്നപ്പോള്‍ ആദ്യമായി ടീമിലെത്തിയ മിലോസ് ഡ്രിന്‍കികിനായിരുന്നു ബംഗളൂരു ആക്രമണങ്ങളുടെ മൂര്‍ച്ച തടുക്കാനുള്ള വലിയ ദൗത്യം ഉണ്ടായിരുന്നത്. 5-3-2 ശൈലിയിലാണ് ബംഗളൂരു ഇറങ്ങിയത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന ജെസല്‍ കര്‍ണെയ്റോയും ബംഗളൂരുവിന്റെ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു.

മുന്നേറ്റനിര താരം ശിവശക്തിക്ക് പന്ത് എത്തിക്കുന്നതില്‍ വന്ന പിഴവാണ് ബംഗ്ലുരുവിനെ തോല്‍വിയിലേക്ക് നയിച്ച പ്രധാന ഘടകം. മറുവശത്ത് ഡയസൂക്ക് സക്കായിയെ അല്‍പ്പം പിന്നിലേയ്ക്ക് ഇറക്കിയാണ് മഞ്ഞപ്പട കളിച്ചത്. അതുകൊണ്ട് തന്നെ ബോക്സില്‍ അക്രമണം നയിക്കാന്‍ പെപ്ര ഒറ്റയ്ക്കായിരുന്നു. ഇക്കുറി ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയര്‍ത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐ ലീഗ് ചാമ്പ്യന്മാരായി പ്രമോഷന്‍ ലഭിച്ച പഞ്ചാബ് എഫ് സി ഉള്‍പ്പെടെ 12 ടീമുകളാണ് ഇത്തവണ കളിക്കുക. ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുംഈസീസണുണ്ട്.