പ്രാര്‍ത്ഥന ചൊല്ലി പന്നിയിറച്ചി കഴിച്ചു; മുസ്ലിം യുവതിക്ക് രണ്ട് വര്‍ഷം തടവ്

മതപരമായ പ്രാര്‍ത്ഥന ചൊല്ലിയ പന്നിയിറച്ചി കഴിച്ച ശേഷം അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത മുസ്ലിം യുവതിക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ. ഇന്തോനേഷ്യന്‍ യുവതിയായ ലിന ലുത്ഫിയവാതി എന്ന 33കാരിയാണ് പന്നിയിറച്ചി കഴിച്ചതിന്റെ പേരില്‍ ജയിലിലായത്. ബാലിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ലിന വീഡിയോ ചിത്രീകരിച്ചത്. രണ്ട് വര്‍ഷം തടവിന് പുറമെ ഏതാണ്ട് 16,245 ഡോളര്‍ (13,48,111 രൂപ) പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

സോഷ്യല്‍മീഡിയ താരമായ ലിന കഴിഞ്ഞ മാര്‍ച്ച് മാസമാണ് പന്നിയിറച്ചി കഴിക്കുന്നതിന്റെ വീഡിയോയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദശലക്ഷക്കണിക്ക് പേരാണ് കണ്ടത്. പന്നിയിറച്ചി കഴിക്കുന്നതിനു മുന്‍പ് ‘ദൈവ നാമത്തില്‍’ എന്ന് അര്‍ത്ഥം വരുന്ന മുസ്‌ലിം പ്രാര്‍ത്ഥന ഉരുവിടുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ വളരെ വേഗം വിവാദത്തിലിടം പിടിച്ചു.

നിരവധിപ്പേര്‍ യുവതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മുസ്ലിമായിരിക്കെ പോര്‍ക്ക് കഴിക്കുന്നത് വിശ്വാസത്തിന് എതിരാണെന്നും വീഡിയോ മതനിന്ദയാണെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നു. മതവിശ്വാസികള്‍ക്കിടയിലും പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലും ശത്രുത ഉണ്ടാക്കിയതിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ദക്ഷിണ സുമാത്രന്‍ നഗരമായ പലെംബാങിലെ കോടതി യുവതിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

അതേസമയം ചെയ്തത് തെറ്റാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും ഇത്രയും വലിയ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിധി കേട്ടശേഷം അവര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. കൗതുകം കൊണ്ടാണ് പോര്‍ക്ക് കഴിച്ചുനോക്കിയതെന്നും അവര്‍ പറഞ്ഞു.

More Stories from this section

family-dental
witywide