തിരുവനന്തപുരത്ത് നരേന്ദ്രമോദി മത്സരിച്ചാലും താന്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബിജെപിയില്‍ നിന്ന് ഏത് ഉന്നതന്‍ മത്സരിച്ചാലും എന്ത് വേണം എന്ന് തിരുവനന്തപുരത്തുകാര്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ താന്‍ തിരുവനന്തപുരത്ത് മത്സരിക്കും. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാം എന്ന് കരുതിയിരുന്നു. പക്ഷെ ഇപ്പോഴത്തെ സാഹചര്യം കണ്ടപ്പോഴാണ് തന്റെ മനസ് മാറിയത്. ദേശീയ തലത്തില്‍ ഒരു ഭരണമാറ്റം വരേണ്ടത് അത്യാവശ്യമാണെന്നും തരൂര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് മത്സരിക്കണമോയെന്ന കാര്യം തീരുമാനിച്ചിരുന്നില്ല. ഒന്നുകില്‍ പാര്‍ലമെന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും തെരെഞ്ഞെടുപ്പ് അങ്ങനെ രണ്ട് സാധ്യതകളാണ് ഉണ്ടായിരുന്നത്. രണ്ടിലേതു വേണമെന്ന സംശയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ദേശീയ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തി. അത് തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കാം എന്നതാണെന്നും തരൂര്‍ പറഞ്ഞു. മുസ്ലിംലീഗ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി രാജ്യത്ത് വിഷം ഇഞ്ചക്റ്റ് ചെയ്തിരിക്കുകയാണെന്നും ഡാനിഷ് അലിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തെ അപലപിച്ച് സംസാരിക്കവെ ശശി തരൂര്‍ വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ മുസ്ലിം എംപിക്കെതിരെ ബിജെപി എംപി തെറി വിളിച്ചത് ഇന്ത്യ മുഴുവന്‍ സ്തംഭിച്ച സംഭവമാണ്. വര്‍ഗീയ പരാമര്‍ശം കേട്ട് അടുത്തിരുന്ന മുന്‍മന്ത്രിമാര്‍ ചിരിക്കുകയായിരുന്നു. അവരുടെ മുഖം കണ്ടിട്ട് രാജ്യത്തിന് തന്നെ നാണക്കേട് തോന്നി. ഈ നിലയില്‍ രാജ്യം മാറിപ്പോയി എന്നും തരൂര്‍ പറഞ്ഞു.