ബൈഡന് പിന്നാലെ മിഷിഗണില്‍ പണിമുടക്കുന്ന ഓട്ടോ തൊഴിലാളികളെ സന്ദര്‍ശിച്ച് ട്രംപ്

മിഷിഗണില്‍ പണിമുടക്കുന്ന ഓട്ടോ തൊഴിലാളികളെ സന്ദര്‍ശിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലേബര്‍ യൂണിയന് പിന്തുണ പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ ഡെട്രോയിറ്റിലെ പിക്കറ്റിംഗില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ട്രംപിന്റെ സന്ദര്‍ശനം. കഴിഞ്ഞ ദിവസമാണ് തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോ ബൈഡന്‍ മിഷിഗണിലെത്തിയത്. സമീപകാല ചരിത്രത്തില്‍ പിക്കറ്റ് ലൈനില്‍ ചേരുന്ന ആദ്യത്തെ സിറ്റിംഗ് പ്രസിഡന്റാണ് ജോ ബൈഡന്‍. ഇതിനു പിന്നാലെയാണ് ട്രംപിന്റെ മിഷിഗണ്‍ സന്ദര്‍ശനം.

‘മിഷിഗണിലേക്ക് പോകുന്നു, ഞാന്‍ ഓട്ടോ തൊഴിലാളികളെ സ്‌നേഹിക്കുന്നു, അവരെ സംരക്ഷിക്കും അമേരിക്കയെ വീണ്ടും മഹത്തരമാക്കും’ എന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റസ്റ്റ് ബെല്‍റ്റ് യുദ്ധഭൂമി എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ പ്രാധാന്യം അടിവരയിടുന്നതാണ് ഇരുവരുടേയും ബാക്ക് ടു ബാക്ക് മിഷിഗണ്‍ സന്ദര്‍ശനങ്ങള്‍. ബിഡനും ട്രംപും തമ്മിലുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണ് വരാനിരിക്കുന്നത്.

യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസമാദ്യമാണ് ഭാഗികമായി സമരമാരംഭിച്ചത്. വേതന വര്‍ദ്ധനവ്, കുറഞ്ഞ ജോലിസമയം, മെച്ചപ്പെട്ട റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നീ ആവശ്യങ്ങളുന്നയിച്ച് ഇരുപത് സ്റ്റേറ്റുകളില്‍ നിന്നായി ആയിരത്തോളം തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമായി. ബിഗ് ത്രീ എന്നറിയപ്പെടുന്ന യുഎസിലെ പ്രധാന കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, സ്റ്റെല്ലാന്റിസ് എന്നിവയെ ഒരേസമയം ലക്ഷ്യമിടുന്ന ആദ്യ പണിമുടക്കാണിത്. യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് യൂണിയന് യുഎസിലും കാനഡയിലുമായി ഏകദേശം 400,000 സജീവ അംഗങ്ങളും 580,000-ത്തിലധികം വിരമിച്ച അംഗങ്ങളുമുണ്ട്.

വരാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിന് മുന്നോടിയായാണ് ട്രംപിന്റേയും ബൈഡന്റേയും മിഷിഗണ്‍ സന്ദര്‍ശനം. 2024 നവംബറിലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനിയാകുകയാണെങ്കില്‍ ബിഡന്റെയും ട്രംപിന്റെയും വിജയത്തിന്റെ താക്കോലായി മിഷിഗണിലെയും മറ്റ് റസ്റ്റ് ബെല്‍റ്റ് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ പരിഗണിക്കപ്പെടും. 2016-ല്‍, മിഷിഗണ്‍, ഒഹായോ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ ട്രംപ് നേടിയ സ്വാധീനം വിജയത്തിന് സഹായകമായെങ്കില്‍ 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കായി മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവ ബൈഡന്‍ തിരിച്ചുപിടിച്ചിരുന്നു. ബൈഡന്റെ നയങ്ങളും യുഎസിലെ നിരന്തരമായ ഉയര്‍ന്ന പണപ്പെരുപ്പവും തൊഴിലാളികള്‍ക്ക് ദോഷകരമാണെന്ന് ചിത്രീകരിക്കാനാണ് ട്രംപിന്റെ ശ്രമം.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബൈഡന്റെ പിന്തുണ ചൂണ്ടിക്കാട്ടിയാണ് ട്രംപ് തൊഴിലാളികളുടെ വിശ്വസ്തത നേടാന്‍ പരിശ്രമിക്കുന്നത്. ഇലക്ട്രിക് വാഹന വ്യവസായത്തിലേക്കുള്ള മാറ്റം പരമ്പരാഗത വാഹന വ്യവസായത്തെ പാടേ തകര്‍ക്കുമെന്ന് ട്രംപ് പറഞ്ഞു. ജോ ബൈഡന്റെ ഇലക്ട്രിക് വാഹന ഉത്തരവ് അമേരിക്കയിലെ പരമ്പരാഗത വാഹന വ്യവസായത്തെ നശിപ്പിക്കുകയും ആയിരക്കണക്കിന് വാഹന തൊഴിലാളികള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് ട്രംപ് വിമര്‍ശിച്ചു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് കമ്പനിക്ക് തിരിച്ചടിയാകുമെന്ന് സെമി ട്രക്കുകള്‍ക്കായി ഓട്ടോമോട്ടീവ്, ഹെവി-ഡ്യൂട്ടി ട്രക്ക് പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുന്ന മിഷിഗണിലെ ക്ലിന്റണ്‍ ടൗണ്‍ഷിപ്പിലെ യൂണിയന്‍ ഇതര ഓട്ടോ പാര്‍ട്സ് വിതരണക്കാരായ ഡ്രേക്ക് എന്റര്‍പ്രൈസസിന്റെ പ്രസിഡന്റ് നഥാന്‍ സ്റ്റെമ്പിള്‍ പറഞ്ഞു.