ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചന൦ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരാൾക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും ഏത് ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി കാര്യം രഹസ്യമായി വെക്കാതെ അപ്പോൾ തന്നെ നടപടി എടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് മുഴുവൻ നാണക്കേട് ആണ് സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സോളാർ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യു ഡി എഫിൽ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും നിയമ വിദഗ്ദരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
അതോടൊപ്പം പ്രതിഷേധത്തിന് ഫീസ് ഏർപ്പെടുത്തിയത് പ്രാകൃത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് സർക്കാർ ആണെങ്കിൽ അന്യായമായ ഈ നടപടി പിൻവലിക്കണമെന്നും പ്രതിഷേധത്തിന് ഫീസ് ഏർപ്പെടുത്തിയത് പിടിച്ചു പറിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നടപടി അംഗീകരിക്കില്ലെന്നും ഞങ്ങൾ ഒരു പൈസയും കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ലംഘിച്ച് തന്നെ ഞങ്ങൾ സമരം നടത്തും. ഒരു പൈസയും കൊടുക്കാൻ പോകുന്നില്ല. അവർ കേസെടുക്കട്ടെ. പൈസ കൊടുക്കാത്തതിന്റെ പേരിൽ എല്ലാം ജപ്തി ചെയ്യട്ടെയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.