‘ലൗ ജിഹാദും മതപരിവർത്തനവും പ്രത്യേകം ശ്രദ്ധിക്കണം’; ആർഎസ്എസ് പ്രവർത്തകരോട് മോഹൻ ഭാഗവത്

ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ മതപരിവർത്തനവും ‘ലൗ ജിഹാദ്’ വിഷയവും പ്രധാന ചർച്ചയാക്കാൻ ആർഎസ്എസ്. പ്രവർത്തകർ ഈ വിഷയങ്ങൾ അതീവ ശ്രദ്ധയോടെ പരിഗണിക്കണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞു. ഗ്രാമീണ മേഖലകളിലും ദേശവിരുദ്ധ ഘടകങ്ങളുള്ള പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹിന്ദു സമൂഹത്തിന്റെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ചും ഭാഗവത് പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ലഖ്നൗവിൽ ചേർന്ന പ്രവർത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.

‘മതപരിവർത്തനം ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ആഴത്തിൽ നടക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ദേശവിരുദ്ധരും സാമൂഹിക വിരുദ്ധരും സജീവമായ മേഖലകളിൽ നമ്മൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്’, യോഗത്തിൽ ഭാഗവത് പറഞ്ഞു.

മറ്റ് മതവിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെയ്ക്കണമെന്നും യോഗത്തിൽ ഭാഗവത് പ്രവർത്തകരോട് നിർദ്ദേശിച്ചു. ‘സിഖ്, മുസ്ലീം, ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ പ്രവർത്തിക്കണം. പള്ളികളിലും മസ്ജിദുകളിലും ഗുരുദ്വാരകളിലും പോയി അവിടെയുള്ള ആളുകളുമായി ബന്ധപ്പെടണം. ദളിത് വിഭാഗങ്ങൾക്കിടയിലും പ്രവർത്തകർ ഇറങ്ങിച്ചെല്ലണം.

ദളിത് ആധിപത്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ശാഖകൾ സംഘടിപ്പിക്കണം, ക്യാമ്പുകൾ സ്ഥാപിക്കണം. അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കണ്ടെത്താനും ഇടപെടലുകൾ ഉണ്ടാകണം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ദളിത് വിഭാഗങ്ങൾക്ക് ഉറപ്പാക്കണം’, ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക കൺവൻഷനുകൾ നടത്താനും ഭാഗവത് നിർദ്ദേശിച്ചു.

More Stories from this section

family-dental
witywide