വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച 41കാരനെ ത്രിപുര പോലീസ് അറസ്റ്റ് ചെയ്തു

അഗര്‍ത്തല: വിമാനം പറന്നുകൊണ്ടിരിക്കെ, എമര്‍ജന്‍സി എക്സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍. അഗര്‍ത്തല വിമാനത്താവളത്തില്‍വെച്ചാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഹൈദരാബാദില്‍ നിന്ന് ഗുവാഹത്തി വഴി അഗര്‍ത്തലയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ ബിശ്വജിത്ത് ദേബ്നാഥ് ന്ന 41കാര നെയാണ് അറസ്റ്റ് ചെയ്തതെന്ന് അഗര്‍ത്തലയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.

വിമാനം ലാന്‍ഡിംഗിന് തയ്യാറെടുക്കുന്നതിനിടെ പെട്ടന്ന് എമര്‍ജന്‍സി എക്‌സിറ്റിനടുത്തെത്തിയ ബിശ്വജിത്ത് ഡോര്‍ വലിച്ചു തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സമീപത്തുണ്ടായിരുന്ന എയര്‍ഹോസ്റ്റസ് ഇയാളെ പിന്നിലേക്ക് വലിക്കുകയായിരുന്നു. വീണ്ടും ഡോര്‍ തുറക്കാന്‍ ശ്രമിച്ച ഇയാളെ യാത്രക്കാര്‍ കൂടി ചേര്‍ന്ന് പിടിച്ചു നിര്‍ത്തി. വിമാനത്തില്‍ ക്രൂ അംഗങ്ങള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദേബ്‌നാഥ് അവരോട് മോശമായി പെരുമാറി.

ഇയാള്‍ ബലം പിടിച്ചതോടെ യാത്രക്കാരില്‍ ചിലര്‍ ഇയാളെ മര്‍ദ്ദിച്ചു. അഗര്‍ത്തലയിലെ മഹാരാജ ബിര്‍ ബിക്രം വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് ദേബ്‌നാഥിനെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ചു. പരുക്കുകള്‍ സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

More Stories from this section

family-dental
witywide