കൊളറാഡോ: കൊളറാഡോ സ്പ്രിംഗ്സിലെ ഒരു ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 4.34 ന് സിറ്റാഡൽ മാളിലാണ്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതര പരുക്കുകൾ ഉള്ളതായി കണ്ടെത്തുകയും ചെയ്തു. മൂന്നു പേരും പുരുഷന്മാരാണ്. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കൊളറാഡോ സ്പ്രിംഗ്സ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഒരു സ്ത്രീയെയും നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവർക്ക് വെടിയേറ്റിട്ടില്ല. ഒന്നിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അവർക്ക് പങ്കുണ്ടോയെന്നറിയാൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
മാളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും മാൾ അടപ്പിക്കുകയും ചെയ്തു. എന്നാൽ മറ്റു ഭീഷണികൾ ഒന്നും ഇല്ലെന്നും പൊലീസ് അറിയിച്ചു.