നൂറ് വയസ്സ് പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതനാനന്ദനു കേരളം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് രാഷ്ട്രീയ ഭേദമില്ലാതെയാണ്. ഇപ്പോഴിതാ വിഎസിന്റെ പിറന്നാള്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ കുമാര്‍. ‘സാര്‍ഥകമായ 100 വര്‍ഷങ്ങള്‍, ഇന്ന് തനിക്ക് ഏറെ സന്തോഷമുള്ള ദിനമാണെന്ന്’ ഫേസ്ബുക്ക് പോസ്റ്റില്‍ അരുണ്‍കുമാര്‍ കുറിച്ചു.
ആരോഗ്യപരമായ കാരണങ്ങളാല്‍ 2019ലെ പുന്നപ്രവയലാര്‍ ദിനാചരണത്തിനു ശേഷം വിഎസിനെ അങ്ങനെ പൊതുവേദികളില്‍ കാണാറില്ലായിരുന്നു. വി എസിന്റെ നൂറാം പിറന്നാള്‍ പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയും വിളിച്ചു ചേര്‍ത്ത് ആഘോഷിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഡോക്ടര്‍മാരുടെ കര്‍ശന നിയന്ത്രണത്തിലായതിനാല്‍ സന്ദര്‍ശകരെ അനുവദിക്കാനാകുന്നില്ല എന്ന് അരുണ്‍ കുമാര്‍ പ്രതികരിച്ചിരുന്നു. പത്രത്തിലൂടെയും ടിവിയിലൂടെയും സമകാലീന വിഷയങ്ങള്‍ വി എസ് അറിയുന്നുണ്ടെന്നും അരുണ്‍ കുമാര്‍ പറഞ്ഞിരുന്നു.
വിഎസിന്റെ വിശ്രമജീവിതം ആലപ്പുഴയില്‍ ആക്കാനാകില്ലെന്നും ചികിത്സാ സൗകാര്യാര്‍ത്ഥം തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
വിശ്രമജീവിതത്തില്‍ ചാനലുകളില്‍ വരുന്ന കുട്ടികളുടെ റിയാലിറ്റി ഷോകള്‍ കാണാനാണ് വി.എസ്.അച്യുതാനന്ദന് താല്‍പര്യമെന്നും നടന്‍മാരില്‍ മോഹന്‍ലാലിനോടാണ് വി.എസിന് ഏറെ ഇഷ്ടമെന്നും മകന്‍ വി.എ.അരുണ്‍കുമാര്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്നാണ് വിഎസിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജീവിതത്തില്‍ നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വിഎസ് അതില്‍ 50 വര്‍ഷമെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ.