നവംബർ 30 അർധരാത്രി. വെർജീനിയയിലെ ഒരു ഹൌസിങ് കോംപ്ളക്സിന് വെളിയിൽ നിർത്തിയിട്ടിരിക്കുന്ന തൻ്റെ കാറിനടുത്തേക്ക് ഡിയോൺ സ്മിത്ത് എന്ന ഹോംകെയർ ജീവനക്കാരി നടക്കുകയായിരുന്നു. ജോലി തീർത്ത് വീട്ടിലേക്ക് പോകാൻ തിരക്കിട്ടു പോകുന്ന അവരെ ആദ്യം അമ്പരപ്പിക്കുകയും പിന്നീട് ഭീതിയിലാഴ്ത്തുകയും ചെയ്ത സംഭവം ഉണ്ടായി.
കാറിനടുത്തെത്തിയ ഡിയോൺ സ്മിത്തിനെ എതിരേറ്റത് കയ്യിൽ നിറതോക്കും ചൂണ്ടി നിൽക്കുന്ന ഒരു കൊച്ചു പയ്യനാണ്. കഷ്ടി 11 വയസ്സു തോന്നിക്കുന്ന അവൻ സ്മിത്തിനോട് കാറിൻ്റെ കീ തരാൻ ആവശ്യപ്പെട്ടു. തമാശയാണെന്നാണ് സ്മിത് കരുതിയത്. പിന്നീട് കാര്യം ഗുരുതരമാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. കീ തന്നില്ല എങ്കിൽ ഈ പാതിരാത്രി താൻ കൊല്ലപ്പെടുമെന്ന് അവർക്ക് മനസ്സിലായി. 11 വയസ്സുകാരൻ്റെ ഒപ്പം കുറച്ചു കൂടി മുതിർന്ന ഒരു പയ്യൻ കൂടി ഉണ്ടായിരുന്നു.
കാറിൻ്റെ കീ തട്ടിയെടുത്ത ഈ മുതിർന്ന പയ്യൻ കാർ സ്റ്റാർട്ട് ചെയ്ത് ഡോർ തുറന്ന് തോക്കുമായി നിൽക്കുന്ന പയ്യനെ കയറ്റി അടച്ച്, കാർ പായിച്ചു പോയി.
സ്മിത്ത് അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് വണ്ടി കണ്ടെത്തി. ഹെൻറികോ കൌണ്ടിയിലെ ഒരു ഉൾപ്രദേശത്ത് ഇടിച്ചു തകർന്ന നിലയിലായിരുന്നു വണ്ടി. വണ്ടിയിലുണ്ടായിരുന്ന രണ്ടു കുട്ടി മോഷ്ടാക്കളും ആശുപത്രിയിലുമായി. രണ്ടു പേർക്കും ഗുരുതരമായ പരുക്കുകളില്ല. ആശുപത്രിയിൽ എത്തിയ പൊലീസ് കള്ളന്മാരെ കയ്യോടെ പിടികൂടി. മിക്കവാറും മോഷണക്കുറ്റത്തിന് അകത്തു കിടക്കേണ്ടി വരും. ആശുപത്രിയിൽ നിന്ന് നേരെ ജയിലിലേക്ക് ഡിസ്ചാർജ് ചെയ്യാൻ തയാറായിരിക്കുകയാണ് വീരശൂര പരാക്രമികളായ രണ്ട് കാർ മോഷ്ടാക്കളും.
നഷ്ടം മുഴുവൻ ഡിയോൺ സ്മിത്തിനാണ്. വണ്ടിയില്ലാതെ അവർക്ക് ജോലിക്കു പോകാൻ കഴിയില്ല. വണ്ടിയുടെ അടവുകളെല്ലാം തീർത്ത് സെപ്റ്റംബറിലാണ് വണ്ടി അവരുടെ പേരിലായികിട്ടിയത്. കേസും കൂട്ടവും തീർത്ത് കാർ നന്നാക്കി കയ്യിൽ കിട്ടുന്നിടംവരെ എന്തു ചെയ്യുമെന്നാണ് സ്മിത് ചോദിക്കുന്നത്.
11-Year-Old US Boy Charged With Robbery After Carjacking Woman At Gunpoint