മെക്സിക്കോ സിറ്റി: സെന്‍ട്രല്‍ മെക്സിക്കോയില്‍ ക്രിസ്മസിന് മുമ്പുള്ള പാര്‍ട്ടിക്ക് നേരെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും ഒരു ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗ്വാനജുവാട്ടോ സംസ്ഥാനത്തെ അധികൃതര്‍ അറിയിച്ചു.
ആഘോഷങ്ങള്‍നടന്ന സാല്‍വതിയേര പട്ടണത്തിലാണ് അക്രമം നടന്നത്. ഇതുവരെ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസ് മുന്‍ ട്വിറ്ററായ എക്സില്‍ പറഞ്ഞു.
പരിക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ക്രിസ്മസിന്റെ കഥയുടെ വശങ്ങള്‍ ആഘോഷിക്കുന്ന ‘പോസാഡസ്’ എന്ന മതപരമായ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന യുവാക്കളായിരുന്നു ആക്രമണത്തിന് ഇരകളായതെന്ന് പ്രദേശത്തെ സാമൂഹിക പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന ടിയറ നെഗ്ര ഫൗണ്ടേഷന്‍ പറഞ്ഞു.
നീളമുള്ള തോക്കുകളുമായി ആറ് പേര്‍ വേദിയിലേക്ക് പ്രവേശിച്ച് പരിപാടിയില്‍ തടിച്ചുകൂടിയ നൂറോളം ചെറുപ്പക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി. അവരെ ക്ഷണിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയവര്‍ അവര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ക്രിമിനല്‍ സംഘങ്ങളുടെ സാന്നിധ്യവും പ്രവര്‍ത്തനവും കാരണം മെക്‌സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് ഗ്വാനജുവാറ്റോ.