ചെന്നൈ: തമിഴ്‌നാട്ടിൽ വീശിയടിച്ചേക്കാവുന്ന ‘മിഷോങ്’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 12 ട്രെയിൻ സർവ്വീസുകൾ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയിൽവേ. ബുധനാഴ്ചത്തെ എറണാകുളം-ടാറ്റാ നഗർ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ്എംവിടി ബെംഗളൂരുവിൽ നിന്നും നാഗർ കോവിലിലേക്ക് പോകുന്ന നാഗർകോവിൽ എക്സ്പ്രസ് റദ്ദാക്കി.
ബുധനാഴ്ച എറണാകുളം-ടാറ്റാ നഗർ പോകുന്ന 18190 ട്രെയിനും എസ്എംവിടി ബെംഗളൂരു- ഗുഹാവത്തി സർവ്വീസ് നടത്തുന്ന 12509 ട്രെയിനും എസ്എംവിടി ബെംഗളൂരു- കാക്കിനട ടൌൺ സർവ്വീസ് നടത്തുന്ന 17209 ട്രെയിനും എസ്എംവിടി ബെംഗളൂരുവിൽ നിന്നും നാഗർ കോവിലിലേക്ക് പോകുന്ന 17235, 17236 ട്രെയിനുകളുടെ സർവ്വീസും റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയിൽവേ അറിയിച്ചു.
വ്യാഴാഴ്ച എസ്എംവിടി ബെംഗളൂരു- ഗുഹാവത്തി സർവ്വീസ് നടത്തുന്ന 12509 നമ്പർ ട്രെയിനും , എസ്എംവിടി ബെംഗളൂരു- കാക്കിനട ടൗണ്‍ സർവ്വീസ് നടത്തുന്ന 17209 ട്രെയിനും, നാഗർകോവിൽ- എസ്എംവിടി ബെംഗളൂരു സർവ്വീസ് നടത്തുന്ന നാഗർകോവിൽ എക്പ്രസും റദ്ദാക്കി.
വെള്ളിയാഴ്ച എസ്എംവിടി ബെംഗളൂരു- കാക്കിനട ടൗണ്‍ സർവ്വീസ് നടത്തുന്ന 17209 ട്രെയിനും സർവ്വീസ് റദ്ദാക്കി.
ഐഎംഡിയുടെ കണക്കനുസരിച്ച്, പുതുച്ചേരിയില്‍ നിന്ന് ഏകദേശം 440 കിലോമീറ്റര്‍ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയില്‍ നിന്ന് 420 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.
അതിശക്ത ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. അതിനുശേഷം, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്കന്‍ ആന്ധ്രാപ്രദേശില്‍ നിന്ന് പടിഞ്ഞാറ്-മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്കും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ തമിഴ്നാട് തീരങ്ങളിലേക്കും തിങ്കളാഴ്ച ഉച്ചയോടെ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് ഏറ്റവും പുതിയ പ്രവചനത്തില്‍ പറഞ്ഞു.
ഡിസംബര്‍ 5 ന്, നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ ദക്ഷിണ ആന്ധ്രാപ്രദേശ് തീരം കടക്കുന്നതിനാല്‍, മിഷോങ് ചുഴലിക്കാറ്റ് അതിന്റെ പരമാവധി കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തെക്കന്‍ ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളിലും വടക്കന്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശ ജില്ലകളിലും ഇത് കനത്ത നാശനഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഭരണകൂടം കനത്ത ജാഗ്രതയിലാണ്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അധികൃതര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സാഹചര്യം കണക്കിലെടുത്ത് മദ്രാസ് സര്‍വകലാശാലയും അണ്ണാ സര്‍വകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.