ന്യൂഡൽഹി: ഇനി ഒരു യാത്ര കഴിഞ്ഞാൽ വന്ദേ ഭാരത് ട്രെയിനുകൾ 14 മിനിറ്റിനുള്ളിൽ വൃത്തിയാക്കി അടുത്ത യാത്രയ്ക്ക് തയ്യാറാകും. “14 മിനിറ്റ് മിറക്കിൾ” എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭം ഞായറാഴ്ച ആനന്ദ് വിഹാർ (ഡൽഹി), ചെന്നൈ, പുരി, ഷിർദി എന്നിവയുൾപ്പെടെ 29 സ്ഥലങ്ങളിൽ ആരംഭിക്കും.
ജപ്പാനിൽ ഒരു യാത്രയ്ക്ക് ശേഷം അടുത്ത യാത്രയ്ക്കായി ബുള്ളറ്റ് ട്രെയിനുകൾ വെറും 7 മിനിറ്റിനുള്ളിലാണ് വിൃത്തിയാക്കിയെടുക്കുന്നത്. ഇതിനെ “7-മിനിറ്റ് മിറാക്കിൾ” എന്ന് വിളിക്കുന്നു.
വന്ദേ ഭാരത് ട്രെയിനുകൾ വൃത്തിയാക്കി അടുത്ത യാത്രയ്ക്ക് തയ്യാറാകാൻ നിലവിൽ 45 മിനിറ്റ് എടുക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞായറാഴ്ച ഡൽഹി കാന്റ് സ്റ്റേഷനിൽ ഈ 14 മിനിറ്റ് മിറാക്കിൾ നടത്തുമ്പോൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സന്നിഹിതനായിരിക്കും.
വന്ദേ ഭാരത് ട്രെയിനിന്റെ ഓരോ കോച്ചിലും മൂന്ന് ക്ലീനിംഗ് സ്റ്റാഫുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. യന്ത്രങ്ങളുടെ സഹായമില്ലാതെ തൊഴിലാളികൾ തന്നെയാണ് ശുചീകരണം നടത്തുക. ഇതിനായി അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
‘സ്വച്ഛത ഹി സേവ’ കാമ്പയിന്റെ ഭാഗമായി 14 മിനിറ്റ് മിറക്കിൾ പദ്ധതി നടപ്പാക്കുമെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എല്ലാ യാത്രക്കാരും കൃത്യസമയത്ത് ടെർമിനൽ സ്റ്റേഷനിൽ ഇറങ്ങുന്നുവെന്ന് ഉറപ്പാക്കിയ ശേഷം, 14 മിനിറ്റ് മിറക്കിൾ പ്രവർത്തനങ്ങൾ ആരംഭിക്കും. പരിപാടിയുടെ സുഗമമായ പ്രവർത്തനത്തിന് ഫ്ലോ ചാർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി പ്രവർത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു.