സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പൂട്ടു വീണത് 157 കടകള്‍ക്ക്; പിഴ ഈടാക്കിയത് 33 ലക്ഷം

തിരുവനന്തപുരം: ഒക്ടോബര്‍ മാസം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വകുപ്പ് 8703 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 564 സ്ഥാപനങ്ങളില്‍ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും വീണാ ജോര്‍ജ് വ്യക്തമാക്കി.

14 ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 817 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3582 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു. ഒക്ടോബര്‍ മാസത്തില്‍ 111 സാമ്പിളുകള്‍ അണ്‍സേഫ് ആയും 34 സാമ്പിളുകള്‍ സബ്സ്റ്റാന്‍ഡേര്‍ഡ് ആയും 18 സാമ്പിളുകള്‍ മിസ് ബ്രാന്‍ഡഡ് ആയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

മത്സ്യ മൊത്തവിതരണ ശാലകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും പരിശോധനകള്‍ നടത്തി. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലും ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ആളുകള്‍ കൂട്ടമായെത്തുന്ന തട്ടുകടകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചു. ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധനകള്‍ നടത്തി.

മയണൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. പാഴ്സലില്‍ തീയതിയും സമയവും രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 30 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നല്‍കിയെന്നും പരിശോധനകള്‍ ഇനിയും ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

More Stories from this section

family-dental
witywide