മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശം അയച്ച 19കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: വ്യവസായി മുകേഷ് അംബാനിക്ക് ഒന്നിലധികം ഭീഷണി ഇമെയിലുകൾ അയച്ച തെലങ്കാന സ്വദേശിയായ 19 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച പുലർച്ചെ മുംബൈയിലെ ഗാംദേവി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഗണേഷ് രമേഷ് വൻപർധി എന്നയാളെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞയാഴ്ച അംബാനിക്ക് അഞ്ച് ഇമെയിലുകൾ ലഭിച്ചിരുന്നു. അയച്ചയാൾ പണം ആവശ്യപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

“ഇത് ചില കൗമാരക്കാർ ചെയ്ത വികൃതിയാണെന്ന് തോന്നുന്നു. ഞങ്ങളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താന ഞങ്ങൾ ശ്രമിക്കും,” ഒരു മുതിർന്ന മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“നിങ്ങൾ (അംബാനി) ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്” എന്നായിരുന്നു ഷദാബ് ഖാൻ എന്നയാൾ ഒക്ടോബർ 27ന് അയച്ചതെന്ന് പറയപ്പെടുന്ന ആദ്യ ഇമെയിൽ.

തുടർന്ന് മറ്റൊരു ഇമെയിൽ ലഭിച്ചു. അതിൽ ആദ്യ ഇമെയിലിൽ ആവശ്യപ്പെട്ട കാര്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനാൽ 200 കോടി രൂപ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. “ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ, (അംബാനിക്ക്) മരണ വാറണ്ട് പുറപ്പെടുവിക്കും,” രണ്ടാമത്തെ ഇമെയിൽ പറയുന്നു.

400 കോടി രൂപ ആവശ്യപ്പെട്ട് അംബാനിയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് മൂന്നാമത്തെ ഇമെയിൽ വന്നതായി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ട് ഇമെയിലുകൾ കൂടി അദ്ദേഹത്തിന് ലഭിച്ചു.

ഇമെയിലുകളുടെ ഐപി അഡ്രസ് പരിശോധിച്ച് തെലങ്കാനയിൽ നിന്ന് പ്രതികളെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.