അശോക്നഗർ: മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ ഭർത്താവിനൊപ്പം ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന ഒരു സ്ത്രീയെ രണ്ടുപേർ ചേർന്ന് ബലാതാസംഗം ചെയ്തു. പൊലീസുകാരെന്ന വ്യാജേന എത്തിയ രണ്ട് പേരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ജയ്പൂരിലേക്കുള്ള ട്രെയിൻ നഷ്ടമായതിനെ തുടർന്ന് വെള്ളിയാഴ്ച അർധ രാത്രി മുംഗാവോലി റെയിൽവേ സ്റ്റേഷനിൽ ഭർത്താവിനൊപ്പം കാത്തിരിക്കുകയായിരുന്നു യുവതി. സ്ഥിരം മദ്യപാദിയായ യുവതിയുടെ ഭർത്താവ് മദ്യം തേടി റെയിൽവേസ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് ട്രെയിൻ നഷ്ടമായതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
പൊലീസ് യൂണിഫോമിലെത്തിയ രണ്ടുപേർ യുവതിയോടും ഭർത്താവിനോടും ട്രെയിൻ ടിക്കറ്റും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞു. പ്രതികളോട് ഐഡന്റിറ്റി കാർഡ് കാണിക്കാൻ ദമ്പതികൾ ആവശ്യപ്പെട്ടപ്പോൾ അവരിൽ ഒരാൾ യുവതിയുടെ ഭർത്താവുമായി വഴക്കിടുകയും തല്ലുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികളിലൊരാൾ യുവതിയുടെ ഭർത്താവിനെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി, മറ്റൊരാൾ യുവതിയെ സമീപത്തുള്ള കുറ്റിച്ചെടിക്കിടയിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇതിന് ശേഷം രണ്ടാമത്തെയാളും തിരിച്ചെത്തി യുവതിയെ ബലാത്സംഗം ചെയ്തു.
അജ്ഞാതരായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ഡി) (കൂട്ടബലാത്സംഗം), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.