വാഷിങ്ടൺ: മൊറോക്കോയില്‍ അതിശക്തമായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് ഭൂചലനം മൊറോക്കോയില്‍ നാശം വിതച്ചത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മാരക്കാഷിന്റെ ദക്ഷിണപശ്ചിമ ഭാഗത്തായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. 18.5 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത് ബാധിച്ചുവെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരവധിപ്പേര്‍ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ ശബ്ദം കേട്ടുവെന്നും കെട്ടിടങ്ങള്‍ ഒഴുകി നീങ്ങുന്നത് പോലെ തോന്നിയെന്നും ഭൂകമ്പമാണെന്ന് തിരിച്ചറിയാന്‍ കുറച്ച് നേരം വേണ്ടി വന്നുവെന്നും പ്രദേശവാസികള്‍ പ്രതികരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാരക്കാഷിലെ ആശുപത്രികള്‍ പരിക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണ്. പലയിടത്തും ആളുകളെ പ്രവേശിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അല്‍ ഹാവോസ് പട്ടണത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു കുടുംബം കുടുങ്ങി കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ വീട് ഭൂകമ്പത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള പട്ടണമാണ് അല്‍ ഹാവോസ്.
റാബത്ത്, കസാബ്ലാങ്ക, എസ്സൗര എന്നീ പട്ടണങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. പലയിടത്തും ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവിച്ചത്. അയല്‍രാജ്യമായ അല്‍ജീരീയയിലും ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2004 ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ 628 പേര്‍ മരിക്കുകയും 926 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.