
ന്യൂ ഓര്‍ലിയാന്‍സില്‍ വീടിന് തീപിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് അതിദാരുണമായ സംഭവം നടന്നത്. കുട്ടികളുടെ പിതാവ് തന്നെയാണ് വീടിനു തീ കൊളുത്തി മൂന്നു പേരെയും ക്രൂരമായി കൊലപ്പെടുത്തിയതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. വാക്കുതര്‍ക്കത്തിനൊടുവില്‍ വീടിനു തീയിടുമെന്ന് കുട്ടികളുടെ പിതാവ് പറഞ്ഞിരുന്നതായി കുട്ടികളുടെ അമ്മ പോലീസിനോട് പറഞ്ഞു. കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 29കാരനായ പിതാവ് പിതാവ് ജോസഫ് വാഷിംഗ്ടണ്‍ സീനിയറിനെ അറസ്റ്റ് ചെയ്തതായി ന്യൂ ഓര്‍ലിയന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് റയാന്‍ ലുബ്രാനോ പറഞ്ഞു.
സെക്കന്റ് ഡിഗ്രീ മര്‍ഡറടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ജോസഫിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗാര്‍ഹിക പീഡന സാഹചര്യത്തെത്തുടര്‍ന്ന് മൂന്ന് പിഞ്ചുകുട്ടികളുടെ ദാരുണവും ഭയാനകവുമായ മരണമാണ് നടന്നതെന്ന് ന്യൂ ഓര്‍ലിയന്‍സ് ഇടക്കാല പോലീസ് മേധാവി ആനി കിര്‍ക്ക്പാട്രിക് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11:55 ന് കുട്ടികളുടെ അമ്മ 911 എന്ന നമ്പറില്‍ വിളിച്ച് ഭര്‍ത്താവ് അവരുടെ വീട് കത്തിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നുവെന്ന് ന്യൂ ഓര്‍ലിയന്‍സ് പോലീസ് പറഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ തീപിടുത്തമുണ്ടായതായും പോലീസ് പറഞ്ഞു. ജോസഫ് വീടിനു തീയിടുന്ന സമയത്ത് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവരുടെ അമ്മ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. അയാള്‍ ഭ്രാന്ത് പിടിച്ച പോലെ പെരുമാറുകയാണെന്നും അയാള്‍ വീടിനു തീയിടുമെന്നും കുട്ടികള്‍ മാത്രമേ വീട്ടിലുള്ളൂവെന്നും താന്‍ ജോലിസ്ഥലത്താണ്, ഉടന്‍ വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതി പോലീസിനെ വിളിച്ച് പറഞ്ഞത്.
അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയും എട്ടു വയസ്സും മൂന്നു വയസ്സുമുള്ള ആണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. അഞ്ചുവയസ്സുകാരിയേയും എട്ടുവയസ്സുകാരനേയും അഗ്‌നിശമന സേനാംഗങ്ങള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷം ആശുപത്രിയില്‍ അവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നു വയസ്സുകാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.