ന്യൂഡല്‍ഹി : കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി 3 ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചു. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് 400 കിലോമീറ്റര്‍ അകലെ എംവി ചെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പല്‍ രണ്ടുദിവസം മുമ്പ് ഡ്രോണ്‍ ആക്രമണത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ നീക്കങ്ങള്‍ ശക്തമാക്കിയത്.
21 ജീവനക്കാരുമായി (20 ഇന്ത്യക്കാരും 1 വിയറ്റ്‌നാമീസും) കപ്പല്‍ അറബിക്കടലില്‍ നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ വിക്രമിന്റെ സംരക്ഷണയില്‍ ഇന്ന് മുംബൈ തുറമുഖത്തെത്തി. അവിടെയെത്തിയ നാവികസേനയുടെ സ്‌ഫോടകവസ്തു നിര്‍മാര്‍ജന സംഘം കപ്പലില്‍ വിശദമായ പരിശോധന നടത്തി.
ഡ്രോണ്‍ ആക്രമണം നടന്ന കപ്പല്‍ ഭാഗത്തിന്റെ അവശിഷ്ടങ്ങളുടെയും വിശകലനം, എല്ലാ വിശദാംശങ്ങളും ഉറപ്പാക്കാന്‍ കൂടുതല്‍ ഫോറന്‍സിക്, സാങ്കേതിക വിശകലനം ആവശ്യമാണെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംശയാസ്പദമായ ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലിന്റെ പിന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 7 ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതു മുതല്‍ സുപ്രധാനമായ ചെങ്കടല്‍ കപ്പല്‍ പാതയില്‍ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ ആക്രമണങ്ങല്‍ തുടരുകയാണ്. ഇതിനിടെയാണ് ഈ കപ്പലിനുനേരെയും ആക്രമണം ഉണ്ടായത്.
അറബിക്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, മേഖലയില്‍ പ്രതിരോധ സാന്നിദ്ധ്യം നിലനിര്‍ത്താന്‍ നാവികസേന ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡൊമെയ്ന്‍ അവബോധം നിലനിര്‍ത്താന്‍ ദീര്‍ഘദൂര സമുദ്ര നിരീക്ഷണ വിമാനമായ P8Iകള്‍ പതിവായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.