ലോസ് ഏഞ്ചൽസ്: തെരുവിൽ കഴിയുന്ന മൂന്നുപേരെ ലോസ് ഏഞ്ചൽസിൽ സീരിയർ കില്ലർ വെടിവച്ചു കൊലപ്പെടുത്തി. കൊല്ലപ്പെടുമ്പോൾ ഇരകളായ മൂന്ന് പേരും നടപ്പാതയിലും ഇടവഴിയിലുമായി ഉറങ്ങുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ 3 മണിയോടെ 37 വയസ്സുള്ള ആദ്യത്തെ ഇര കൊല്ലപ്പെട്ടു. 62 വയസ്സുള്ള രണ്ടാമത്തെ ഇര തിങ്കളാഴ്ച പുലർച്ചെ 4:55 ന് ആക്രമിക്കപ്പെട്ടു. 52 കാരനായ മൂന്നാമൻ ബുധനാഴ്ച പുലർച്ചെ 2:30 ഓടെ കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
മൂന്ന് ആക്രമണങ്ങൾക്കു പിന്നിലും ഒരാൾ തന്നെയാണെന്ന് പൊലീസ് പറയുന്നു. പ്രതി കാൽനടയായി ഇരകളുടെ അടുത്തേക്ക് വരികയും വെടിവെച്ച് കൊലപ്പെടുത്തുകയും തുടർന്ന് കാറിൽ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തങ്ങളുടെ ബന്ധുക്കളിൽ ആരെങ്കിലും ഭവനരഹിതരായി തെരുവിൽ കഴിയുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു.
“നിങ്ങൾ ഇന്ന് അവരെ ബന്ധപ്പെടണം — ഈ അപകടത്തെക്കുറിച്ച് അവരോട് പറയണം,” ബാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“ഇന്ന് രാത്രി ഒറ്റയ്ക്ക് ഉറങ്ങരുത്. എവിടെയെങ്കിലും അഭയം തേടുക. സേവനങ്ങൾ തേടുക. ഒരുമിച്ച് നിൽക്കുക. നിങ്ങൾക്കറിയാവുന്നതു പോലെ തെരുവിൽ താമസിക്കുന്നത് നിലവിൽ അപകടമാണ്.”