ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; കോണ്‍ഗ്രസ് എംപിയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് 353 കോടി

ഭുവനേശ്വര്‍: ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് 353 കോടി രൂപ. ഒറ്റ റെയ്ഡില്‍ രാജ്യത്ത് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്. സാഹുവിന് പങ്കാളിത്തമുള്ള ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡുമായും രാജ്യത്തെ മുന്‍നിര മദ്യ നിര്‍മാണ കമ്പനിയായ ബള്‍ഡിയോയുമായും ബന്ധമുള്ള സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പണവും കണ്ടെടുത്തിരിക്കുന്നത്.

റെയ്ഡില്‍ പണം കണ്ടെടുത്തതിനു പിന്നാലെ എംപി ഒളിവില്‍ പോയതായാണ് വിവരം. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ ആദായ നികുതി വകുപ്പ് 40 യന്ത്രങ്ങളാണ് എത്തിച്ചത്. എന്നിട്ടും അഞ്ച് ദിവസം കൊണ്ടാണ് ഈ തുക മുഴുവന്‍ എണ്ണിത്തീര്‍ത്തത്. എംപിയുടെ വീട്ടിലെ അലമാരകളില്‍ അടുക്കിവച്ച നിലയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ധീരജ് സാഹുവിന്റെ ഒഡിഷയിലും ഝാര്‍ഖണ്ഡിലുമായുള്ള ഇരുപതോളം സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.