ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപി തേരോട്ടം; കോൺഗ്രസിന് ആശ്വാസം തെലങ്കാന മാത്രം

നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും ബിജെപിയുടെ തേരോട്ടം. മധ്യപ്രദേശില്‍ വൻ ഭൂരിപക്ഷത്തോടെ ഭരണം തുടര്‍ച്ചയായ നാലാം തവണയും നിലനിര്‍ത്തിയപ്പോള്‍, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസില്‍നിന്നും ഭരണം തിരിച്ചുപിടിച്ചു. തെലങ്കാനയില്‍ ബിആര്‍എസിനെ തകര്‍ത്ത് ഭരണം നേടിയത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാനായുള്ളത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ ചിത്രം വ്യക്തമായിരുന്നു. ഛത്തീസ്‌ഗഡ് മാത്രമായിരുന്നു വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ അല്‍പ്പമെങ്കിലും ആടിയുലഞ്ഞ് നിന്നത്. വൈകാതെ തന്നെ ഛത്തീസ്‌ഗഡും ‘കൈ’ വിടുന്ന കാഴ്ചയായിരുന്നു കണ്ടത്.

ഭരണം നിലനിർത്താനാകുമെന്ന് കോണ്‍ഗ്രസ് ഉറച്ച പ്രതീക്ഷ കാത്ത സംസ്ഥാനമായിരുന്നു ഛത്തീസ്‌ഗഡ്. എന്നാല്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളെ അപ്പാടെ തിരുത്തിയ ജനവിധിയാണ് ഛത്തീസ്‌ഗഡിലുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒടുവില്‍ നല്‍കുന്ന വിവരപ്രകാരം 90 മണ്ഡലങ്ങളില്‍ 54 എണ്ണത്തിലും ബിജെപിയാണ് മുന്നില്‍. 34 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി. എക്സിറ്റ് പോള്‍ ഫലങ്ങളും ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.

മധ്യപ്രദേശില്‍ ബിജെപിയുടെ ഭരണത്തുടർച്ച ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടാണ്. ഒടുവില്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം 230 മണ്ഡലങ്ങളില്‍ 166 ഇടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 62 സീറ്റകളില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. വോട്ടുവിഹിതം 48 ശതമാനത്തോളമാക്കി ഉയർത്താനും ബിജെപിക്കായിട്ടുണ്ട്.

ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് ഭരണത്തുടർച്ചയെന്ന കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍ രാജസ്ഥാനില്‍ പാഴായി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചതുപോലെ തന്നെ സംസ്ഥാനത്ത് ബിജെപിയുടെ വ്യക്തമായ മുന്നേറ്റമാണ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍.

199 മണ്ഡലങ്ങളില്‍ 114-ലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 70 സീറ്റുകളിലും മുന്നിലുണ്ട്. കോണ്‍ഗ്രസ് സ്ഥാനാർഥികളില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പയലറ്റും ഉള്‍പ്പടെയുള്ള പ്രമുഖർ വിജയിച്ചു. അതേസമയം, പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാളും നിയമസഭാ സ്പീക്കർ സി പി ജോഷിയും പിന്നിലാണ്.

കോണ്‍ഗ്രസിന് ആശ്വാസമാകുന്നത് തെലങ്കാന മാത്രമാണ്. നാമമാത്രമായി പോയ സംസ്ഥാനത്താണ് കോണ്‍ഗ്രസ് ഭരണത്തിലേക്ക് എത്തുന്നത്. 2018-ല്‍ 19 സീറ്റുകളിലൊതുങ്ങിയ കോണ്‍ഗ്രസ് 63 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. കെ ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് 88-ല്‍ നിന്ന് 40-ലേക്ക് ചുരുങ്ങി. കെസിആറിന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറുകയാണ് 2023 നിയമസഭാ തിരഞ്ഞെടുപ്പ്.

തെലങ്കാനായിലും ബിജെപി നേട്ടം കൊയ്തിട്ടുണ്ട്. 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമായിരുന്നു സംസ്ഥാനത്ത് ബിജെപിക്ക് വിജയിക്കാനായത്. എന്നാല്‍ ഒന്‍പത് മണ്ഡലങ്ങളിലാണ് നിലവില്‍ ബിജെപി ലീഡ് ചെയ്യുന്നത്.

രാജസ്ഥാനും ഛത്തീസ്‌ഗഡും നഷ്ടമാകുന്നതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങും. തെലങ്കാനയ്ക്ക് പുറമെ കർണാടകയിലും ഹിമാചല്‍ പ്രദേശിലുമാണ് കോണ്‍ഗ്രസ് ആധിപത്യമുള്ളത്. ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സർക്കാരിന്റെ ഭാഗമാണ് കോണ്‍ഗ്രസ്.

4 state assembly election results

More Stories from this section

family-dental
witywide