ഒരാഴ്ചയ്ക്കിടെ 42 പ്രചാരണ പരിപാടികള്‍, എന്നിട്ടും മടുക്കാതെ വിവേക് രാമസ്വാമി, എന്താണ് ഈ ഊര്‍ജ്ജത്തിന്റെ രഹസ്യം ?

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ നേതാവും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ വിവേക് രാമസ്വാമി തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. 2024 ലെ മറ്റേതൊരു സ്ഥാനാര്‍ത്ഥിയെക്കാളും കൂടുതലായി ആറുദിവസം കൊണ്ട് 42 തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ഒരേ ഊര്‍ജ്ജത്തോടെ പങ്കെടുത്തത് വലിയ ചര്‍ച്ചയാകുന്നു.

മുമ്പ് പലതവണ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിക്കുകയും മാതാപിതാക്കളില്‍ നിന്ന് പഠിച്ച പാഠത്തില്‍ നിന്നാണ് ഇതെല്ലാം ഉരുത്തിരിഞ്ഞതെന്നും പറഞ്ഞ അദ്ദേഹം ജനക്കൂട്ടമാണ് തന്റെ ഊര്‍ജ്ജമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് .

അടുത്തയാഴ്ച ഇദ്ദേഹത്തിന് 38 പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒഹായോ ആസ്ഥാനമായുള്ള സംരംഭകന്‍ കൂടിയായ വിവേക് രാമസ്വാമി പ്രചരണത്തിനായി തന്റെ സമയം മികച്ച രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

അധ്വാനമാണ് തന്റെ ജീവിതത്തിന്റെ ഫോര്‍മുലയെന്നും തന്റെ ജീവിതത്തില്‍, അക്കാദമിക് പശ്ചാത്തലത്തിലായാലും, ഒരു വിദ്യാര്‍ത്ഥിയെന്ന നിലയിലായാലും, കരിയറില്‍ ആയാലും, ഒരു ബിസിനസുകാരനെന്ന നിലയിലും ഇപ്പോള്‍ ഈ യാത്രയിലും തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരു ഫോര്‍മുലയാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഏകദേശം 630 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള യേല്‍ ലോ സ്‌കൂള്‍ ബിരുദധാരിയായ രാമസ്വാമി, തന്റെ ബിസിനസ്സ് നടത്തുന്നത് പോലെയാണ് തന്റെ കാമ്പെയ്ന്‍ നടത്തുന്നതെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉറക്കക്കുറവ്, പിസ്സ റാഞ്ച് ഡയറ്റ് ഉള്‍പ്പെടെ അമേരിക്കയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചില കാമ്പെയ്ന്‍ പാര്‍ശ്വഫലങ്ങള്‍ വിവേദ് രാമസ്വാമിയും പ്രവര്‍ത്തകരും നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് എന്ന തന്റെ അഭിലാഷത്തിനൊപ്പം നീങ്ങുമ്പോഴും വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും കുടുംബ ജീവിതവും പ്രചാരണ പാതയില്‍ തടസ്സമില്ലാതെ സമന്വയിപ്പിക്കാന്‍ രാമസ്വാമിക്ക് കഴിയുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.