ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസും വാനും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ത്ഥികളടക്കം ഏഴു പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ബുദൗണില്‍ നടന്ന വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഏഴു പേര്‍ മരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികളും ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നബിഗഞ്ച് റോഡില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്‌കൂള്‍ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സമീപത്തെ മിയോണ്‍ ഗ്രാമത്തില്‍ നിന്ന് എസ്ആര്‍പി ഇംഗ്ലീഷ് സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.

അഞ്ച് വിദ്യാര്‍ത്ഥികളും ഡ്രൈവറും ഉള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്. ഡ്രൈവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ പതിനാറോളം വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.