പാർലമെന്റ് ആക്രമണത്തിനു പിന്നിൽ 6 പേർ; 5 പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: ബുധനാഴ്ച പാർലമെന്റിന് അകത്തും പുറത്തും നടന്ന ആക്രമണം ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതിനും പിന്നിൽ ആറ് പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

സാഗര്‍, മനോരഞ്ജന്‍, നീലംദേവി, അമോല്‍ എന്നീ ഈ നാലുപേരെ കൂടാതെ മറ്റു രണ്ടുപേര്‍ കൂടി സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ അഞ്ചാമന്റെ പേര് ലളിത് ഝാ എന്നാണ്. ഇയാളുടെ ഗുഡ്ഗാവിലെ വീട്ടിലാണ് മറ്റ് അഞ്ചുപേരും താമസിച്ചിരുന്നത് എന്നാണ് വിവരം. ആറാമത്തെയാളുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവരാണ് ലോക്സഭ സന്ദർശക ഗാലറിയിൽ നിന്നും നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളർ പുക പരത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു ഇത്. ഇതേസമയം തന്നെ പാർലമെന്‍റിന് പുറത്തും സമാനമായ രീതിയിൽ കളർ പുക പരത്തുന്ന കാനിസ്റ്റർ കൈയിലേന്തിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നീലം ദേവി, അമേൽ ഷിൻഡെ എന്നിവരാണ് അറസ്റ്റിലായത്. ബാക്കി രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ പിന്നാലെയാണ് പുറത്തുവന്നത്.

ഉത്തർപ്രദേശ് സ്വദേശിയാണ് സാഗർ ശർമ. മൈസൂരു സ്വദേശിയാണ് 35കാരനായ മനോരഞ്ജൻ. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ഇയാൾ. അമോൽ ഷിൻഡെ മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശിയും നീലം ദേവി ഹരിയാനയിലെ ഹിസാർ സ്വദേശിനിയുമാണ്. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണ്.

മൈസൂരുവിൽ നിന്നുള്ള ബിജെപി എം.പി പ്രതാപ് സിൻഹയുടെ ഓഫിസിൽ നിന്നുള്ള സന്ദർശക പാസ്സ് ഉപയോഗിച്ചാണ് മനോരഞ്ജനും സാഗർ ശർമയും ലോക്സഭ ഗാലറിയിലെത്തിയത്. തന്‍റെ ഓഫിസിൽ നിന്നുള്ള പാസ്സ് ഇവർക്ക് അനുവദിച്ചത് സംബന്ധിച്ച് സ്പീക്കർ ഓം ബിർളയോട് വിശദീകരിക്കുമെന്ന് പ്രതാപ് സിൻഹ പറഞ്ഞു.

More Stories from this section

family-dental
witywide