ആദ്യമായി തെരുവിലൂടെ ചെരിപ്പിട്ട് നടന്നു; വർഷങ്ങളുടെ സവർണ തിട്ടൂരം ലംഘിച്ച് തമിഴ്നാട്ടിലെ ദലിത് സമൂഹം

തിരുപ്പൂർ: തിരുപ്പൂർ ജില്ലയിലെ മടത്തുകുളം താലൂക്കിലെ രാജാവൂർ ഗ്രാമത്തിലെ ദലിത് സമൂഹത്തിൽ പെട്ട 60 പേർ ജീവിതത്തിൽ ആദ്യമായി, ഞായറാഴ്ച വൈകുന്നേരം തങ്ങളുടെ ഗ്രാമത്തിലെ ‘കമ്പള നായ്ക്കൻ തെരുവിൽ’ പാദരക്ഷകൾ ധരിച്ച് നടന്നു. ദലിതർ ചെരിപ്പുമായി തെരുവിൽ നടക്കാൻ പാടില്ലെന്ന സവർണ്ണരുടെ അലിഖിത നിയമത്തെയാണ് ഇതുവഴി അവർ തകർത്തിരിക്കുന്നത്. പട്ടികജാതിക്കാർക്ക് തെരുവിൽ സൈക്കിൾ ചവിട്ടാൻ പോലും അനുവാദമില്ലെന്ന് വൃത്തങ്ങൾ പറയുന്നു.

300 മീറ്റർ നീളമുള്ള തെരുവിൽ താമസിക്കുന്ന 60 പേരും പിന്നാക്ക ജാതി വിഭാഗമായ നായ്ക്കർമാരാണ്. ഗ്രാമത്തിലെ 900-ഓളം വീടുകളിൽ 800-ഉം പ്രബല ജാതികളിൽ പെട്ടവരാണ്. തലമുറകളായി പങ്കിടുന്ന ദുരനുഭവം വിവരിച്ചുകൊണ്ട് ഗ്രാമവാസിയായ എ മുരുകാനന്ദം (51) പറഞ്ഞു. പട്ടികജാതി വിഭാഗക്കാർ തെരുവിൽ ചെരിപ്പ് ഉപയോഗിച്ച് നടന്നാൽ പ്രാദേശിക ദേവത കോപിക്കുമെന്ന് പറഞ്ഞായിരുന്നു വർഷങ്ങളായി ദലിതരെ വിലക്കിയിരുന്നത്. ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് പ്രശ്നം ദലിത് സംഘടനകളുടെ ശ്രദ്ധയിൽപ്പെടുന്നതെന്ന് ഗ്രാമവാസികൾ പറ‍യുന്നു.

“അരുന്തതിയാർ സമുദായാംഗങ്ങളെ തെരുവിലൂടെ ചെരിപ്പിട്ട് നടക്കുന്നത് വിലക്കിയിട്ടുണ്ട്. പിന്നോക്ക ജാതിയിലുള്ളവർക്കെതിരെ വധഭീഷണി മുഴക്കുകയും ആക്രമിക്കുകയും ചെയ്തു. പട്ടികജാതി വിഭാഗക്കാർ തെരുവിൽ ചെരിപ്പുമായി നടന്നാൽ പ്രാദേശിക ദേവത അവരെ കൊല്ലുമെന്ന് പറഞ്ഞ് ഉയർന്ന ജാതിയിലെ സ്ത്രീകൾ പോലും ഭീഷണി മുഴക്കി. ഞങ്ങൾ പതിറ്റാണ്ടുകളായി അടിച്ചമർത്തലിൽ ജീവിച്ചു. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഞങ്ങൾ പ്രശ്നം ദലിത് സംഘടനകളുടെ ശ്രദ്ധയിൽപ്പെടുത്തി,” മറ്റൊരു ഗ്രാമീണൻ പറഞ്ഞു.

രാജാവൂർ, മൈവാടി ഗ്രാമങ്ങളിൽ കാലങ്ങളായി ദലിതർക്ക് നേരെ വിവേചനങ്ങൾ നിലനിൽക്കുകയാണെന്നും ഗ്രാമവാസികൾ പറയുന്നു. സവർണരുടെ ചായക്കടകളിൽ സവർണർക്ക് ചില്ലു ഗ്ലാസിലും ദലിതർക്ക് പേപ്പർ ഗ്ലാസിലുമാണ് ചായ നൽകുന്നത്.

ഗ്രാമത്തിൽ പോയപ്പോൾ തെരുവിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് നിരവധി ദളിത് സ്ത്രീകൾ പറഞ്ഞതായി തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് (തിരുപ്പൂർ) സെക്രട്ടറി സി.കെ. കനകരാജ് പറഞ്ഞു. പ്രതിഷേധം നടത്താൻ തീരുമാനിച്ചപ്പോൾ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ തങ്ങളുടെ മുന്നണിയിലെ അംഗങ്ങളും സി.പി.എം, വി.സി.കെ, എ.ടി.പി പ്രവർത്തകരും ചേർന്ന് തെരുവിലൂടെ നടക്കാനും ഗ്രാമത്തിലെ രാജകാളിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിക്കാനും തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

60 ദലിതർ തെരുവിലൂടെ ചെരിപ്പ് ധരിച്ച് നടന്നെന്നും ആരും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും ഭയമുണ്ടെന്നും എന്നാൽ ഈ യാത്ര ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide