വാഷിങ്ടൺ: യുഎസിൽ അനധികൃതമായി കുടിയേറുന്നവരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാരണെന്ന് പ്യൂ റിസർച്ച് സെന്റർ സർവ്വേ. ഒന്നും രണ്ടും സ്ഥാനങ്ങളിൽ മെക്സിക്കോയും എൽ സാൽവഡോറുമാണ് യഥാക്രമം. നിലവിൽ യുഎസിൽ ഏകദേശം 725,000 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുണ്ട്.
2017-2021 കാലയളവിൽ ഏറ്റവും വലിയ അനധികൃത കുടിയേറ്റത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്. അയൽരാജ്യമായ മെക്സിക്കോയിൽ നിന്ന് 6.4 ദശലക്ഷവും എൽ സാൽവഡോറിൽ നിന്ന് 8 ലക്ഷവും ആളുകളാണ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയത്. ഇതിന് തൊട്ടുപിന്നിൽ ഇന്ത്യയാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ മൊത്തം അനധികൃത കുടിയേറ്റ ജനസംഖ്യ 2021 ൽ 10.5 ദശലക്ഷത്തിലെത്തി. ഇത് മൊത്തം യുഎസ് ജനസംഖ്യയുടെ 3% ഉം അമേരിക്കയിലെ വിദേശികളുടെ ജനസംഖ്യയുടെ 22% ഉം ആണ്.
2022 ഒക്‌ടോബർ മുതൽ 2023 സെപ്‌റ്റംബർ വരെ 96,917 ഇന്ത്യക്കാരെ മതിയായ രേഖകളില്ലാതെ യുഎസിൽ പ്രവേശിച്ചതിന് പിടികൂടുകയോ പുറത്താക്കുകയോ പ്രവേശനം നിഷേധിക്കുകയോ ചെയ്‌തു.