
ഉഗാണ്ടയിൽ 70 വയസ്സുള്ള ഒരു സ്ത്രീ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുകയാണ്. ഒരാൺകുട്ടിയും ഒരുപെൺകുട്ടിയും.
ഒരുപക്ഷേ ലോകത്തിലെ ഏറ്റവും തല മുതിർന്ന അമ്മയായിരിക്കും അവർ. എന്തായാലും ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മയാണ് അവർ. സഫിന നബുക്വായ എന്ന എഴുപതുകാരി അമ്മയും ഇരട്ട കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു എന്ന് അവരെ നോക്കുന്ന ഡോക്ടർ പറയുന്നു.
കംപാലയിലുള്ള ഇൻ്റർനാഷനൽ വിമൻസ് സെൻ്റർ ആൻഡ് ഫെർടിലിറ്റി സെൻ്ററിൽ നവംബർ 29 നാണ് സഫിന കുട്ടികൾക്ക് ജന്മം നൽകിയത്. സിസേറിയനായിരുന്നു. 31 ആഴ്ച പ്രായം ഉള്ളപ്പോൾ കുട്ടികളെ പുറത്തെടുത്തു. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ട്രീറ്റ് മെൻ്റ് വഴിയാണ് അവർക്ക് കുഞ്ഞുങ്ങൾ ജനിച്ചത്. ഇരട്ട കുട്ടികളാണ് എന്ന അറിഞ്ഞപ്പോൾ കുട്ടികളുടെ പിതാവ് സഫിനയെ ഉപേക്ഷിച്ചു . രണ്ട് വർഷം മുമ്പ് മറ്റൊരു കുഞ്ഞുകൂടി ഇതേ ചികിൽസ വഴി ഇവർക്ക് ജനിച്ചിട്ടുണ്ട്.
സഹായിക്കാൻ ആരും ഇല്ല എന്നൊരു പേടിയും സഫിനയെ അലട്ടുന്നില്ല. “എൻ്റെ ഗ്രാമത്തിൽ എന്നെ സഹായിക്കാൻ ഒരുപാട് പേരുണ്ട്. കുട്ടികളെ അവർ നോക്കിക്കൊള്ളും. കുട്ടികൾ ഇല്ലാത്തതിനാൽ എന്നെ ആളുകൾ പരിഹസിക്കുമായിരുന്നു. മറ്റുള്ളവരുടെ കുട്ടികളെ കാണുമ്പോൾ എനിക്ക് വലിയ ആഗ്രഹമായിരുന്നു. അവരെ ഞാൻ വളർത്തിയിട്ടുണ്ട്. പക്ഷേ ഒരു ഘട്ടം കഴിയുമ്പോൾ അവർ എന്നെ ഇട്ടിട്ടു പോകും. ഇപ്പോൾ ദൈവം എനിക്ക് കുഞ്ഞുങ്ങളെ തന്നു. എല്ലാം ദൈവത്തിൻ്റെ തീരുമാനമാണ്. എല്ലാവരും പറയും 70 എന്നത് വലിയ പ്രായമാണ് എന്ന്. ദൈവം എനിക്ക് കുഞ്ഞുങ്ങളെ തരാൻ തീരുമാനിച്ചത് ഈ പ്രായത്തിലാണ്. ദൈവഹിതത്തെ ഞാൻ മാനിക്കുന്നു” സഫിന പറയുന്നു.
55 വയസ്സ് കഴിഞ്ഞുള്ള സ്ത്രീകളിൽ ഐവിഎഫ് പോലുള്ള ചികിൽസ സാധാരണ ചെയ്യാറില്ല. എന്നാൽ അതിനൊരു അപവാദമാണ് സഫിന .
70 year old woman at Uganda gives birth to twins thanks to IVF