മൊബെെല്‍ ചാർജറില്‍ കടിച്ചു; എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കാർവാർ/ കർണാടക: മാതാപിതാക്കൾ കട്ടിലിൽ ചാർജുചെയ്യാൻ വെച്ച മൊബെെല്‍ ചാർജറില്‍ കടിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഉത്തര കർണാടകയിലെ കാർവാറിനടുത്തുള്ള സിദ്ധാർ ഗ്രാമത്തിലെ സന്തോഷ് കൽഗുട്കറിന്റെയും സഞ്ജന കൽഗുട്കറിന്റെയും മൂന്നാമത്തെ മകള്‍ സാന്നിധ്യയാണ് വെെദ്യുതാഘാതമേറ്റ് മരണപ്പെട്ടത്.

ഓഗസ്റ്റ് 2 ബുധനാഴ്‌ച, മൂത്ത കുട്ടിയുടെ പിറന്നാൾ ആഘോഷങ്ങളുടെ തിരക്കിനിടെയാണ് അപകടം നടന്നത്. പവർകട്ട് സമയത്ത് പ്ലഗ് ചെയ്തുവച്ചിരുന്ന ചാർജറില്‍ സാന്നിധ്യ കടിക്കുകയായിരുന്നു. ഇതേസമയം, യാദൃശ്ചികമായി വെെദ്യുതബന്ധം പുനരാരംഭിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. വൈദ്യുതി ആഘാതമേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം തന്നെ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുട്ടിയുടെ പിതാവ് ഒരു ഇലക്ട്രിക് കോൺട്രാക്ടറാണ്. വൈദ്യുതി ഇല്ലാത്തപ്പോൾ അറ്റകുറ്റപ്പണികൾക്കും വീടിന്റെ വൈദ്യുതി ആവശ്യത്തിനുമായി വലിയ പവറുള്ള ബാറ്ററി ലൈറ്റുകൾ ഉപയോഗിച്ചിരുന്നു. ഈ ബാറ്ററി ചാർജറുകളിലൊന്നിലാണ് കുട്ടി കടിച്ചതെന്നും അഭ്യൂഹമുണ്ട്. സംഭവത്തില്‍ കാർവാർ റൂറൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

More Stories from this section

family-dental
witywide