കൊല്ലം : എട്ടാം ക്ലാസുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മുത്തച്ഛന് 80 വര്‍ഷം ശിക്ഷ വിധിച്ച് കൊട്ടാരക്കര അതിവേഗ പോക്‌സോ കോടതി. പോക്‌സോ വകുപ്പിലെ 4 വ്യത്യസ്തമായ വകുപ്പുകളിലായി 20 വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 80000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ 12 വര്‍ഷം അധികമായി തടവ് ശിക്ഷ അനുഭവിക്കണം.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോ നിയമത്തിലേയും വിവിധ വകുപ്പകള്‍ പ്രകാരമാണ് ശിക്ഷ. 2020 നവംബര്‍ ഒന്നിനും 14നും ഇടയില്‍ രണ്ട് തവണയാണ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കൊച്ചുമകള്‍ക്ക് നേരെ പ്രതി ലൈഗികാതിക്രമം നടത്തിയത്. കൊട്ടാരക്കര സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് പതിനാലുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.
മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മുത്തച്ഛന്റെ പീഡന വിവരം പുറത്തു വന്നത്. കോട്ടാരക്കര എസ്എച്ച്ഒ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരി 19നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 31 ദിവസങ്ങളിലായി നടന്ന വിചാരണയ്ക്ക് ശേഷമാണ് അതിവേഗ കോടതി പ്രത്യേക ജഡ്ജ്ജി ടി.ആര്‍.റീന ദാസ് ശിക്ഷ വിധിച്ചത്.