ഒമ്പത് വയസ്സുകാരി നീന്തൽ കുളത്തിൽ മരിച്ച നിലയിൽ; ദുരൂഹത

ബെംഗളൂരു: ബെംഗളൂരുവിലെ വർത്തൂർ-ഗുഞ്ചൂർ റോഡിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ നീന്തൽക്കുളത്തിൽ ഒമ്പത് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനസ എന്ന ബാലികയാണ് മരിച്ചത്. കുട്ടിയും കുടുംബവും ഇതേ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്.

കുളത്തിന് സമീപത്തെ വിളക്കുകാലില്‍ തൂങ്ങിക്കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടി പെണ്‍കുട്ടി അബദ്ധത്തില്‍ നീന്തല്‍ക്കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, മരണകാരണം മുങ്ങിമരണമാണോ അതോ വൈദ്യുതാഘാതമേറ്റതാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. കുളത്തില്‍ മാനസ വീണുകിടക്കുന്നത് കണ്ട അപ്പാര്‍ട്ട്‌മെന്റ് നിവാസികള്‍ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

വൈദ്യുതാഘാതമേറ്റതായി സംശയമുണ്ട്. എന്നാല്‍ ശരീരത്തില്‍ പുറമേ മുറിവുകളൊന്നുമില്ല. എല്ലാവശങ്ങളും പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തന്റെ മകള്‍ക്ക് നീതി വേണം, അവളുടെ മരണത്തിന് പിന്നിലെ സത്യം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ഇത് മറ്റൊരു കുട്ടിക്കും സംഭവിക്കരുതെന്നും പെണ്‍കുട്ടിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പെണ്‍കുട്ടി നീന്തല്‍ക്കുളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യം ടൈംസ്‌നൌ പുറത്തുവിട്ടിട്ടുണ്ട്. സഞ്ചി തോളിലേന്തി ലിഫ്റ്റില്‍ കയറുന്ന കുട്ടിയുടെ ദൃശ്യമാണ് പുറത്തുവന്നത്.

More Stories from this section

family-dental
witywide