ആലുവയില്‍ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി വ്യാഴാഴ്ച

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് എറണാകുളം പോക്‌സോ കോടതി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ വകുപ്പുകള്‍ എന്നിവയുള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ഇയാള്‍ക്കെതിരായ ശിക്ഷാ വിധി കോടതി വ്യാഴാഴ്ച പുറപ്പെടുവിക്കും. പെണ്‍കുട്ടി കൊല്ലപ്പെട്ട് മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിച്ചത്.

കുട്ടികള്‍ക്കെതിരായ ബലാത്സംഗം, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, കൊലപാതകം തുടങ്ങി ആകെ 16 കുറ്റങ്ങള്‍ ചുമത്തി 645 പേജുള്ള കുറ്റപത്രം ആണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകള്‍ രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.

അതേസമയം വിചാരണയ്ക്കിടെ താന്‍ മാനസിക അസ്വാസ്ഥ്യമുള്ള ഉള്ളയാളാണെന്നും പ്രതി മറ്റൊരാളാണെന്നും തന്നെ പോലീസ് കുടുക്കിയതാണെന്നും അസ്ഫാക് ആലം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. നൂറ് ദിവസവും പ്രതിയില്‍ ഒരു മാറ്റവും പ്രതിയില്‍ ഉണ്ടായിട്ടില്ലെന്നും ഇത് തെളിയിക്കുന്ന ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

26 ദിവസം നീണ്ടുനിന്ന വിചാരണയില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ 44 സാക്ഷികളെ വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പ്രതി അസഫാഖ് ആലം സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൈമാറിയിരുന്നു. 2018ല്‍ ഇയാളെ ഗാസിപൂര്‍ പൊലീസ് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

2023 ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളുടെ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ആലുവയില്‍ നിന്ന് കാണാതായത്. ജൂലൈ 29 ന് ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കുമ്പാരങ്ങള്‍ക്കരികില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ ദിവസം തന്നെ പ്രതി കസ്റ്റഡിയിലായിരുന്നു. കുറ്റം സമ്മതിച്ച അസ്ഫാക്ക് ആലത്തെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു.

ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

More Stories from this section

family-dental
witywide