
ഗാസ: ഇസ്രയേല്‍-ഹമാസ് യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം ആണ് വ്യക്തമാക്കിയത്. ഒക്ടോബര്‍ 7 ന് തുടങ്ങിയ യുദ്ധം ഒരു മാസം പിന്നിടുകയാണ്. ഇതിനോടകം പതിനായിരം കടന്ന മരണസംഖ്യയില്‍ 40% ത്തില്‍ അധികമാണ് കുഞ്ഞുങ്ങള്‍.
ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഓരോ ദിവസവും ശരാശരി 134 കുട്ടികളാണ് അവിടെ മരിച്ചുവീഴുന്നത്. ഗാസയില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ഷിക കണക്കുകളേക്കാള്‍ മുകളിലാണ്. അക്ഷരാര്‍ത്ഥത്തില്‍ ഗാസ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
വടക്കന്‍ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയുടെ നേരെ ഇസ്രയേല്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയിരുന്നു. കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ഇതുവരെ ഗാസയില്‍ 11058 പേര്‍ കൊല്ലപ്പെട്ടു. അതില്‍ 4506 പേര്‍ കുട്ടികളാണ്. 28000 പേര്‍ക്കു പരുക്കേറ്റു. തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികളും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.