ഇന്ത്യയുടെ ആത്മാവ് വേദനയോടെ ഓര്‍ക്കുന്നു, ആ മഹാത്മാവിനെ…

ഇന്ന് ഗാന്ധിജി ജനിച്ച ദിവസമാണ്. ഇന്നു കാണുന്ന ഇന്ത്യ എന്ന മഹത്തായ സ്വപ്നത്തിൻ്റെ പിതാവ്.. അദ്ദേഹത്തിൻ്റെ മരണത്തിന് എത്രയോ നാളുകള്‍ കഴിഞ്ഞായിരിക്കാം ഇന്ന് ഇന്ത്യയിലെ ഭൂരിപക്ഷവും ജനിച്ചത്. എന്നാല്‍ അദ്ദേഹമില്ലാത്ത ഇന്ത്യ എന്നത് എത്രവലിയ അരക്ഷിതത്വവും ആശങ്കയുമാണ് നമുക്ക് നല്‍കുന്നത്. അങ്ങേയറ്റം ലളിതവും കാലാതീതവുമായ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ഈ ലോകം നിലനില്‍ക്കുന്നിടത്തോളം കാലമുണ്ടാകും.

ഗാന്ധിജിയെ നാഥുറാം ഗോഡ്സേ എന്ന ഹിന്ദു ദേശീയവാദി കൊലപ്പെടുത്തിയ അന്ന് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു പറഞ്ഞത് ഇങ്ങനെയാണ്. “ഈ രാജ്യത്ത് ജ്വലിച്ചിരുന്നത് അസാധാരണമായ ഒരു പ്രകാശമാണ്, ഇത്രയേറെ വര്‍ഷം ഈ രാജ്യത്തെ ദീപ്തമാക്കിയ വെളിച്ചം. ഇനിയും ഏറെ വര്‍ഷങ്ങള്‍, അനേകായിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ വെളിച്ചം പ്രകാശം നല്‍കിക്കൊണ്ടേയിരിക്കും. ഈ ലോകം മുഴുവന്‍ അത് മനസ്സിലാക്കും. അത് എണ്ണമറ്റ മനസ്സുകള്‍ക്ക് സാന്ത്വനം നല്‍കും. കാരണം അത് ഇപ്പോള്‍ കടന്നുപോയ കാലത്തെ മാത്രമല്ല പ്രതിനിധീകരിച്ചത്.. “

ഗാന്ധി എല്ലാ വിശേഷങ്ങള്‍ക്കും അപ്പുറത്താണ്. ഈ രാജ്യത്തിൻ്റെയും അതിലെ ഓരോ പൗരൻ്റേയും വേദപുസ്തകമണ്. ഇവിടെ ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരുന്നോ എന്ന് വരും തലമുറ അല്‍ഭുതംകൊള്ളുമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീൻ പറഞ്ഞ അതേ ഗാന്ധി. വെറുമൊരു ചര്‍ക്ക മാത്രം ആയുധമാക്കി , സൂര്യൻ്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്പ്രാജ്യത്തെ തോല്‍പ്പിച്ച മനുഷ്യന്‍ . ഒരു പടയോട്ടവും നടത്താതെ , കാല്‍നടയായി സാധാരണമനുഷ്യരുടെ ഇടയില്‍ ജീവിച്ചിരുന്ന മഹാത്മാവ്. അടിമകളും ആയുധങ്ങളും അഹന്തകളുമില്ലാതെ ജീവിച്ചിരുന്ന നേതാവ്.

അവിരാമമായ സത്യന്വേഷണമായിരുന്നു ആ ജീവിതം. അദ്ദേഹത്തിൻ്റെ ആത്മാന്വേഷണങ്ങളാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ ദര്‍ശനങ്ങളെ ,ഇവിടെ പുലരേണ്ട സഹിഷ്ണുത, ബഹുസ്വരത, മതനിരപേക്ഷത… എല്ലാം അദ്ദേഹം ജീവിതം കൊണ്ട് നിര്‍വചിച്ചുണ്ട്. അയിത്തവും അനാചാരങ്ങളുമില്ലാത്ത, എല്ലാവര്‍ക്കും തുല്യ നീതിയുള്ള , ഉയര്‍ച്ചതാഴ്ചകളില്ലാത്ത, മതവൈരമില്ലാത്ത ഇന്ത്യയാണ് അദ്ദേഹം വിഭാവനം ചെയ്തത്. ഇന്ത്യ മഹാരാജ്യത്തെ ജനാധിപത്യത്തിൻ്റെ അടിത്തറയില്‍ ഉറപ്പിച്ചത് ഗാന്ധിയായിരുന്നു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു വിശ്വസിച്ച , ഏറ്റവും ദരിദ്രനുപോലും തുല്യ നീതി കിട്ടണമെന്ന് വാശിപിടിച്ച ആ മഹാത്മാവിനു മുന്നില്‍ കുനിഞ്ഞ ശിരസ്സോടെയല്ലാതെ ഇന്ന് നില്‍ക്കാനാവില്ല. ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയം ‘ഏറ്റവും ദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ദുർബലരിൽ ദുർബലരുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനുമുള്ള ജനാധിപത്യം’ എന്നതായിരുന്നു.

അദ്ദേഹം വൃത്തിബോധം എന്ന് അർത്ഥമാക്കിയിരുന്നത് ആദ്യം നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുക, പിന്നീട് നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയാക്കുക എന്നായിന്നു. ബാഹ്യമായ ശുചീകരണം ഒരു വെള്ളപൂശൽ മാത്രമാണ്. ഇന്ന് പലരും വിഷലിപ്തമായ പ്രത്യയശാസ്ത്രങ്ങള്‍ വെള്ളപൂശാനായി ഗാന്ധിയെ കൊണ്ടാടുന്നു. എന്നിട്ട് വെറുപ്പിൻ്റെയും വര്‍ഗീയ വിദ്വേഷത്തിൻ്റെയും കൊടും നുണകളുടേയും മാല്യന്യക്കൂനകള്‍ ഇന്ത്യുയടെ നെഞ്ചിലേക്ക് വലിച്ചെറിയുന്നു. ജാതിരഹിതമായ മതനിരപേക്ഷമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ അദ്ദേഹം എത്ര കഷ്ടപ്പെട്ടോ അതിൻ്റെ ഇരട്ടി വേഗത്തില്‍ പണ്ടത്തെ കറുത്ത നൂറ്റാണ്ടുകളിലേക്ക് ഇന്ത്യ തിരിച്ചു നടന്നു കഴിഞ്ഞു. നിസ്വരും ഭയചകിതരുമായി സമൂഹത്തിലെ ചെറിയ പക്ഷം ജനങ്ങള്‍ ഈ രാജ്യത്ത് കഴിഞ്ഞു കൂടുന്നു… മഹാത്മാവേ.. അങ്ങയുടെ കാല്‍ക്കല്‍ തൊട്ട് ചോദിക്കുന്നു.. മാപ്പ്..

More Stories from this section

family-dental
witywide